തന്‍റെ മകന്‍റെ കൊലയാളിയെ രക്ഷപ്പെടുത്തിയത് മുന്‍ എംഎല്‍എ ശശീന്ദ്രനും മുന്‍ മന്ത്രി എംഎം മണിയുമാണെന്ന ഗുരുതര ആരോപണവുമായി മരിച്ച സിദ്ധാര്‍ഥിന്‍റെ പിതാവ് ടി. ജയപ്രകാശ്. റാഗിങ്ങിന് നേതൃത്വം നല്‍കുന്നവരെ സംരക്ഷിക്കുന്ന നേതാക്കളെപ്പറ്റി താന്‍ ഉറക്കെ വിളിച്ചു പറയുമെന്നും അദ്ദേഹം തുറന്നടിച്ചു.
'തന്‍റെ മകന്‍റെ കൊലയാളിയെ രക്ഷപ്പെടുത്തി കൊണ്ടുപോയത് മുന്‍ എം.എല്‍.എയും സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുമായിരുന്ന ശശീന്ദ്രനാണ്. അത് സ്പഷ്ടമാണ് രണ്ടാമെതൊരാളായ അക്ഷയെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് ഇടുക്കിയുടെ ആശാനാണ്. എംഎം മണിയാണ്. ഏത് കൊമ്പത്തെ രാഷ്ട്രീയക്കാരനാണെങ്കിലും ഞാന്‍ ഇവരുടെ പേരുകള്‍ വിളിച്ചു പറയുക തന്നെ ചെയ്യും. റാഗ് ചെയ്തവനെ സംരക്ഷിക്കുന്ന നേതാക്കളെ പൂട്ടിയാലേ ഇനി രക്ഷയുള്ളൂ. സിദ്ധാര്‍ഥിന്‍റെ കൊലപാതകികളെ പിടിക്കുക മാത്രമല്ല ഇപ്പോള്‍ എന്‍റെ ഉദ്ദേശ്യം.മറിച്ച് റാഗിങ്ങ് തന്നെ അവസാനിപ്പിക്കുക എന്നതാണ്. റാഗ് ചെയ്യുന്നവരെ സംരക്ഷിക്കുന്നവരെ ഞാന്‍ പൂട്ടും.
കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. റാഗ് ചെയ്യുന്നവനെ രക്ഷപ്പെടുത്താന്‍ നേതാക്കന്മാരും ഉദ്യോഗസ്ഥരും ഉള്ളതുകൊണ്ടാണ് ഇത് തുടരുന്നത്. റാഗിങ്ങിനെതിരെ രക്ഷതാക്കള്‍ മുന്നിട്ടിറങ്ങണം. മ അഞ്ചും ആറും ക്ലാസ് മുതല്‍ വിദ്യാര്‍ഥികള്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുകയാണ്. ഇതിനെതിരെ നമ്മള്‍ തന്നെ രംഗത്തിറങ്ങണം'. എസ്എഫ്ഐക്കാരായ 18 പ്രതികളെ രക്ഷിക്കാനായി ഉയര്‍ന്ന രാഷ്ട്രീയക്കാരനും, സിഐയും ഉള്‍പ്പടെ ഇടപെട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.