lamp

TOPICS COVERED

തിരുവനന്തപുരം കോട്ടയ്ക്കകത്തെ അഭേദാശ്രമത്തിലെ കെടാവിളക്ക് പ്രകാശം പരത്തിത്തുടങ്ങിയിട്ട് ഏഴുപതാണ്ട് പൂര്‍ത്തിയാക്കുന്നു. അഭംഗുരം പ്രകാശം പരത്തുന്ന വിളക്കിന് ചുറ്റും തുടരുന്ന,,,,,, നാമജപയജ്ഞവും സപ്തതയിലേക്ക്. ജാതിമത ഭേദമില്ലാതെ ആര്‍ക്കുമുന്നിലും തുറന്നുകിടക്കുന്ന മാതൃകാസ്ഥാനം കൂടിയാണ് അഭേദാശ്രമം.

 

കെടാത്ത വിളക്ക് , നിലയ്ക്കാത്ത നാമജപം.70 വര്‍ഷമായി തുടരുന്ന സപര്യ. 1955 ഫെബ്രവരി 24 ന് സ്വാമി അഭേദാനന്ദ ഭാരതി കൊളുത്തിയതാണ് ഈ വിളക്ക്. അന്ന് തുടങ്ങിയതാണ് നാമജപ പ്രദക്ഷിണം. തിരുവനന്തപുരം കോട്ടയ്ക്കത്ത് പത്മതീര്‍ഥക്കരയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിന് സമീപമാണ് അഭേദാശ്രമം.ഇവിടെ ബാലകൃഷ്ണസ്വാമിക്ഷേത്രത്തോട് ചേര്‍ന്നാണ് അഖണ്ഡനാമജപവേദി. ചൈതന്യ മഹാപ്രഭുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അഭേദാനന്ദ സ്വാമി അഖണ്ഡനാമജപത്തിന് തുടക്കമിട്ടത്. കോവിഡ് കാലത്തും നാമജപത്തിന് ഇടവേള വന്നില്ല. നാമജപം ഒരോമണിക്കൂറിലും മാറിമാറി ഭക്തര്‍ ഏറ്റെടുക്കും പകലെന്നോ രാത്രിയെന്നോ ഭേദമില്ല.

1909 ല്‍ പാറശാല കുടിവിളാകം വീട്ടില്‍ ജനിച്ച പി. വേലായുധന്‍ പിള്ള ഒന്‍പതാവയസ്സില്‍ ചട്ടമ്പിസ്വാമികളെ സന്ദര്‍ശിച്ചതോടെ യാത്ര ആത്മീയപാതയിലായി. ഇരുപത്തിയേഴാം വയസ്സില്‍ ഋഷികേശിലെത്തി. സന്യാസ ദീക്ഷ സ്വീകരിച്ചു. അഭേദാനന്ദ ഭാരതിയായി.  അഭേദാശ്രമത്തിന്റെ ആറയൂര്‍ ശാഖയിലും ഹരിദ്വാറിലും നാമജപം തുടരുന്നു. അഖണ്ഡനാമജപ വേദിയോട് ചേര്‍ന്ന് നാലുവേദങ്ങളും ഒറ്റപുസ്തകത്തില്‍ കാണാം. ഗൊരഘ്പുര്‍ ഗീതാ പ്രസില്‍ അച്ചടിച്ച  നാലുഗ്രന്ഥങ്ങളിലൊന്നാണിത്. ദക്ഷിണേന്ത്യയില്‍ രാധാ ദേവിയുടെ ഏക മാര്‍ബിള്‍ പ്രതിഷ്ഠയാണ് മറ്റൊരു പ്രത്യേകത. 60 വര്‍ഷം മുമ്പ് ജയ്‍പുരില്‍ നിന്നാണ് രാധാദേവി പ്രതിമ കൊണ്ടുവന്നത്.  അഭയം തേടിയെത്തുന്നവര്‍ക്കെല്ലാം ഇടമുണ്ട് അഭേദാശ്രമത്തില്‍. മതജാതിഭാഷാദേശ ഭേദമേതുമില്ല. സമഭാവനയുടെ കെടാവിളക്കുകൂടിയാകുന്നു അഭേദാശ്രമം

ENGLISH SUMMARY:

The eternal lamp at Abhedashram in Kottaykakam, Thiruvananthapuram, has completed seventy years of continuous illumination.