നെയ്യാറ്റിന്‍കരയിലെ സമാധി വിവാദം വീണ്ടും കൊഴുപ്പിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കാവുവിളാകം സ്വദേശിയായ ആലുമൂട്ടില്‍ ഗോപന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. തലയുടെ വലത് ഭാഗത്ത് മുകളിലായി 5x4x0.3 സെ.മി. വീതിയിലും, മുഖത്ത് വലതുവശത്ത് 6x6x0.3 സെ.മി. വലിപ്പത്തിലും, മുഖത്ത് ഇടതു ഭാഗത്ത് 9x5x0.2 സെ.മി നീളത്തിലും ചതഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. തലച്ചോറ് ചാരനിറത്തിലാണ് കാണപ്പെട്ടതെന്നും നഖങ്ങള്‍ കറുത്തിരുണ്ടിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കാലിലും ശരീരത്തിന്‍റെ താഴ്ഭാഗങ്ങളിലും പൊള്ളലേറ്റതിന്‍റെ പാടുകളും കണ്ടെത്തി. ആന്തരീകാവയവങ്ങള്‍ ഏറെക്കുറെ അഴുകിയ നിലയിലായിരുന്നു. തലയോട്ടിക്ക് ക്ഷതമേറ്റിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഹൃദയത്തിലേക്കുള്ള ധമനികളില്‍ വലിയ ബ്ലോക്കുകള്‍ കണ്ടെത്തി. 75 ശതമാനത്തോളം ബ്ലോക്കുണ്ടായിരുന്നു. ഇത് ഹൃദയത്തിലേക്ക് രക്തമെത്തുന്നതിനെ തടസപ്പെടുത്തിയിരുന്നുവെന്നും കൊളസ്ട്രോള്‍ അടിഞ്ഞുള്ള ബ്ലോക്കും കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ലിവോര്‍ സിറോസിസ് ബാധിതനായിരുന്നു നെയ്യാറ്റിന്‍കര ഗോപനെന്നും ഇതിന്‍റെ ലക്ഷണങ്ങള്‍ കരളില്‍ നിന്നും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
നെയ്യാറ്റിന്‍കര ഗോപന്‍റെ ശരീരത്തിലെ പേശികള്‍ ദൃഢമായ നിലയിലായിരുന്നില്ലെന്നും ശരീരത്തിന്‍റെ പിന്‍ഭാഗത്ത് രണ്ട് നിതംബത്തിന്‍റെയും മുകള്‍ഭാഗത്തെ പേശികളില്‍ തവിട്ട് നിറം കലര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശ്വസനേന്ദ്രിയത്തിന്‍റെയും ശരീരസ്രവങ്ങളുടെയും സാംപിള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും രാസപരിശോധന ഫലം വരേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ശവകുടീരത്തില്‍ നിന്ന് ശേഖരിച്ച ചാരനിറത്തിലെ പൊടി ഹിസ്റ്റോപാത്തോളജിക്കൽ പരിശോധനയ്ക്ക് അയച്ചു. രണ്ട് കൈകളിൽ നിന്നും ശേഖരിച്ച നഖം നെഞ്ചിലെ അസ്ഥി എന്നിവ അന്വേഷണ ഉദ്യോഗസ്ഥന്‍റെ അഭ്യർത്ഥന പ്രകാരം സീല്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
94 സെന്‍റീമീറ്റര്‍ നീളത്തിലുള്ള രുദ്രാക്ഷമാല ഗോപന്‍റെ കഴുത്തില്‍ ചുറ്റി ധരിപ്പിച്ചിരുന്നുവെന്നും വലത്തേ കൈത്തണ്ടയില്‍ കറുത്ത ചരട് ആറുവട്ടം ചുറ്റിവരിഞ്ഞ് കെട്ടിയിട്ടുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇങ്ങനെ
2025 ജനുവരിയില്‍ 15 ന് നെയ്യാറ്റിന്‍കര പൊലീസ് ഇന്‍സ്പെക്ടര്‍ നല്‍കിയ അപേക്ഷ പ്രകാരമാണ് കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിന് സമീപമുള്ള ആറലുമൂട്ടിൽ ഗോപൻ സ്വാമിയുടെ മൃതദേഹംപോസ്റ്റുമോര്‍ട്ടം നടത്തിത് . ഡോക്ടര്‍മാരായ ശാലിനി, ടി.എം മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം
പുറം പരിശോധനയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇവയാണ്: സിമന്‍റു കൊണ്ടുള്ള ഒരു ശവകുടീരത്തിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് , പിങ്ക് അരളിപ്പൂക്കള്‍ ശവകുടീരത്തില്‍ ചിതറിക്കിടന്നിരുന്നു. ഉരുളിയും, പരമ്പരാഗതവിളക്കുകളും സമീപമുണ്ടായിരുന്നു. ജമന്തി പൂക്കളും ചുവവന്ന റോസാപൂക്കളുടെയും മാലയും കണ്ടെടുത്തു.
കോണ്‍ക്രീറ്റ് ശവകുടീരത്തിന്‍റെ സ്ലാബ് മാറ്റിയപ്പോള്‍ തന്നെ മൃതദേഹം കണ്ടു .മൃതദേഹത്തിന്‍റെ കഴുത്ത് നെഞ്ച് വയര്‍ തുടങ്ങിയ ഭാഗങ്ങള്‍ അഴുകി തുടങ്ങിയിരുന്നു. ശരീരത്തിന് ദുര്‍ഗന്ധവുമുണ്ടായിരുന്നു.
പ്രാഥമിക പുറം പരിക്കുകൾ: വലത് ഭാഗത്ത് തലയുടെ മുകളിൽ 5x4x0.3 സെ.മി. വീതിയുള്ള മുറിവ്, കാലുകളും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും പൊള്ളലിന്‍റെ പാടുകളുണ്ടായിരുന്നു
ആന്തരികപരിശോധനയിലെ കണ്ടെത്തലുകൾ
തലയോട്ടി കേടുകൂടാതെയിരുന്നു. മസ്തിഷ്കം ദ്രവീകൃതവും ഒരേപോലെ ചാരനിറത്തിലും ആയിരുന്നു. ആന്തരിക അവയവങ്ങളിൽ പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു . അവയെ സംബന്ധിച്ച് കൂടുതൽ പരിശോധന ചെയ്യേണ്ടതുണ്ട്.
കണ്ടെത്തിയ അസുഖങ്ങൾ: കൊറോണറി ധമനിയിൽ വലിയ കാൽസിഫൈഡ് പ്ലാക്കുകള്‍ കണ്ടെത്തി. ഇടതുവശത്തെ മുൻവശത്തെ അവരോഹണ ധമനി 75% ചുരുങ്ങിയതായി കണ്ടെത്തി, ഇത് ഹൃദയത്തിലേക്ക് രക്തം പോകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കോറോണറി ആർട്ടറി പൂർണ്ണ രക്തപ്രവാഹം നിലനിർത്തിയിട്ടുണ്ട്. കൂടാതെ, അയോർട്ടയിൽ കൊളസ്ട്രോള്‍ അടിഞ്ഞുകൂടിയുള്ള ബ്ലോക്കുകള്‍ കാണപ്പെട്ടു, കരളിൽ സിറോസിസ് ഉണ്ട്, ചെറിയ പ്ലാക്കുകള്‍ കണ്ടു.
മറ്റ് കണ്ടെത്തലുകൾ: റിഗർ മോർട്ടിസ്: ശരീരത്തിൽ rigor mortis ഇല്ലായിരുന്നു. രണ്ട് നിതംബത്തിന്‍റെയും മുകൾ ഭാഗത്ത് പേശികളിൽ തവിട്ട് നിറത്തിലുള്ള അടയാളങ്ങൾ ഉണ്ടായിരുന്നു. അഴുകി തുടങ്ങിയതിനാല്‍ എല്ലാ ആന്തരിക അവയവങ്ങള്‍ക്കും മാറ്റങ്ങളുണ്ടായിരുന്നു.
ശ്വസനേന്ദ്രിയത്തിന്‍റെയും സ്രവങ്ങളുടെയും സാമ്പിൾ സുക്ഷിച്ചിട്ടുണ്ട് . അത് രാസ വിശകലനത്തിനായി അയച്ചിട്ടുമുണ്ട്. ശവകുടീരത്തില്‍ നിന്ന് ശേഖരിച്ച ചാരനിറത്തിലുള്ള പൊടി ഹിസ്റ്റോപാത്തോളജിക്കൽ പരിശോധനയ്ക്ക് അയച്ചു. രണ്ട് കൈകളിൽ നിന്നും ശേഖരിച്ച നഖം നെഞ്ചിലെ അസ്ഥി എന്നിവ അന്വേഷണ ഉദ്യോഗസ്ഥന്‍റെ അഭ്യർത്ഥന പ്രകാരം സീല്‍ ചെയ്ത് സുക്ഷിക്കുന്നു.
മുഴുവൻ പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങളും വിഡിയോ എടുത്തിട്ടുണ്ട് . നടപടിക്രമങ്ങളെല്ലാം പാലിച്ച് വിഡിയോ അടങ്ങിയ മെമ്മറികാര്‍ഡ് സീൽ ചെയ്ത പാക്കറ്റിൽ കൈമാറി.
മരണകാരണം എന്തെന്നത് സംബന്ധിച്ച അഭിപ്രായം: ലബോറട്ടറിപരിശോധനകളുടേതടക്കം റിപ്പോർട്ടുകൾ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്.