ഇന്ത്യ ഗോട്ട് ലാറ്റന്‍റ് വിവാദത്തില്‍ യൂട്യബര്‍ രണ്‍വീര്‍ അല്ലാബാദിയക്കൊപ്പം വിമര്‍ശനം കേട്ട ഇന്‍ഫ്ളുവന്‍സറാണ് ജസ്പ്രീത് സിങ്. 'കേരളാ സാര്‍, ഹന്‍ഡ്രഡ് പേര്‍സന്‍റ് ലിറ്ററസി സാര്‍' എന്ന ജസ്പ്രീതിന്‍റെ പരാമര്‍ശം മലയാളികളെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ജസ്പ്രീത് നേരിട്ടത്. ജസ്പ്രീതിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ മലയാളികള്‍ പൊങ്കാല നടത്തി.
ജസ്പ്രീതിന് മറുപടിയായി ഒരു യുവതി പങ്കുവച്ചിരിക്കുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ജസ്പ്രീതിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ച് കേരളത്തിന്‍റെ ഗുണമേന്മകളാണ് യുവതി വിഡിയോയില്‍ പറയുന്നത്.
''ശരിയാണ്, ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ ബീഫ് കഴിക്കുന്നത്. ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ചിന്തിച്ച് വോട്ട് ചെയ്യുന്നത്. ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് കുമ്പളങ്ങി നൈറ്റ്സ് പോലെയുളള പടങ്ങൾ ഇറക്കുന്നത്. ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും സൗഹാർദത്തോടെ ജീവിക്കുന്നത്. ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് കേരള മോഡൽ ഇത്ര പ്രസിദ്ധമായത്. ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ എല്ലാ ജെൻഡറുകളേയും അംഗീകരിക്കുന്നതും അവർക്ക് വേണ്ടി വാദിക്കുന്നതും. സാക്ഷരതയുളളതുകൊണ്ടാണ് ആവശ്യമെങ്കിൽ ഞങ്ങൾ സർക്കാരിനെ വിമർശിക്കുന്നത്. ഞങ്ങൾക്ക് 100 ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്നത്, അത് മനസിലാക്കണം'', യുവതിയുടെ വാക്കുകള്‍.
വളരെ വേഗമാണ് യുവതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം ഏതാനും നോര്‍ത്ത് ഇന്ത്യന്‍ പ്രൊഫൈലുകളില്‍ നിന്നും പരിഹസിച്ചും വിഡിയോ പങ്കുവക്കപ്പെട്ടിട്ടുണ്ട്.
ഷോയ്ക്കിടെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വിഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. സംഭവം പൊലീസ് കേസായതോടെ മാപ്പ് പറഞ്ഞ് യു ട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയ രംഗത്തെത്തിയിരുന്നു. മാതാപിതാക്കെയും ലൈംഗികതയെയും ചേര്‍ത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളാണ് സമൂഹധ്യമങ്ങളിൽ ബീർബൈസെപ്സ് എന്നറിയപ്പെടുന്ന യു ട്യൂബര്‍ ക്ഷമാപണം നടത്തിയത്. എന്നാല്‍ വ്യാപകവിമര്‍ശനമുണ്ടായിട്ടും കേരളത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് രണ്‍വീര്‍ ഒന്നും പറഞ്ഞിരുന്നില്ല.