കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്‍വീര്‍ അല്ലാബാഡിയയും ജസ്പ്രീത് സിങ്ങും ഇന്ത്യ ഗോട്ട് ലാറ്റന്‍റുമൊക്കെയാണ് ഇന്ത്യയാകെ ചര്‍ച്ച. ഷോയ്ക്കിടെ മാതാപിതാക്കളെ കുറിച്ച് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയാണ് രണ്‍വീര്‍ വിമര്‍ശനമേറ്റതെങ്കില്‍ കേരളത്തെ പരിഹസിച്ചുള്ള പരാമര്‍ശമാണ് ജസ്പ്രീതിന് വിനയായത്. പിന്നാലെ ഇന്‍ഫ്ളുവന്‍സറിന്റെ സോഷ്യല്‍ മീഡിയയില്‍ മലയാളികളുടെ സൈബര്‍ അറ്റാക്കായിരുന്നു.
കേരളത്തെ പറ്റിയുള്ള ജസ്പ്രീതിന്‍റെ പരാമര്‍ശത്തെ പറ്റി ഏറ്റവും പുതുതായി പ്രതികരിച്ചിരിക്കുന്നത് നടന്‍ ധ്യാന്‍ ശ്രീനിവാസനാണ്. 'കേരളത്തില്‍ കാല് കുത്തിയാല്‍ അവന്‍റെ കാല് തല്ലിയൊടിക്കുമെന്ന് പറയാനാ'ണ് ധ്യാന്‍ പറഞ്ഞത്. കോളേജില്‍ തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി എത്തിയപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളോടായിരുന്നു താരത്തിന്‍റെ പ്രതികരണം. ജസ്പ്രീതിന്‍റെ പരാമര്‍ശത്തെ പറ്റിയായിരുന്നു ചോദ്യമെങ്കിലും രണ്‍വീറിന്‍റെ പേര് പറഞ്ഞായിരുന്നു ധ്യാന്‍ മറുപടി നല്‍കിയത്.
അതേസമയം അധിക്ഷേപ പരാമര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെ വിഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. സംഭവം പൊലീസ് കേസായതോടെ മാപ്പ് പറഞ്ഞ് യു ട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയ രംഗത്തെത്തിയിരുന്നു. എന്നാല്‍ വ്യാപകവിമര്‍ശനമുണ്ടായിട്ടും കേരളത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് രണ്‍വീര്‍ ഒന്നും പറഞ്ഞിരുന്നില്ല.