പ്രിയ നടന്‍ ശ്രീനിവാസന്‍റെ അപ്രതീക്ഷിത വിയോഗം മലയാളത്തെ ഒന്നാകെയാണ് സങ്കടത്തിലാഴ്ത്തിയത്. രജനികാന്ത് മുതല്‍ ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ശ്രീനിവാസന്‍റെ വിയോഗത്തില്‍ദുഃഖവും അനുശോചനവും പങ്കുവച്ചിരുന്നു. സൂര്യയും പാര്‍ത്ഥിപനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ശ്രീനിയെ ഒരുനോക്ക് കാണാനായി കൊച്ചിയിലെത്തുകയും ചെയ്തു.
എന്നാല്‍ നടന്‍ ജയറാമിന്‍റെ അസാന്നിധ്യം ഇപ്പോള്‍ കടുത്ത വിമര്‍ശനത്തിന് വഴിവയ്ക്കുകയാണ്. സൈബര്‍ അറ്റാക്കിന്‍റെ തലത്തിലെത്തുന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഒട്ടേറെ ചിത്രങ്ങളിൽ ശ്രീനിവാസനൊപ്പം ഹിറ്റ് ജോഡിയായിരുന്ന ജയറാം എന്തുകൊണ്ട് അദ്ദേഹത്തെ കാണാന്‍ എത്തിയില്ല എന്നതാണ് ഇവരുടെ ചോദ്യം. ഷൂട്ടിങ് തിരക്ക് കാരണമാണ് എത്താൻ കഴിയാഞ്ഞത് എന്നാണ് വിവരം.
'ഇത്ര തിരക്കുള്ള നടനാണോ ജയറാം...? ശ്രീനിവാസന്‍ മരിച്ചിട്ട് കേരളത്തിന് പുറത്തുള്ള താരങ്ങള്‍ പോലും അദ്ദേഹത്തെ കാണാന്‍ വന്നു. വരാന്‍ കഴിയാത്തവര്‍ അവരുടെ ദുഃഖം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചു. പക്ഷെ മലയാളത്തിന്‍റെ പ്രിയപ്പെട്ട ജയറാം ശ്രീനിവാസനെ കാണാന്‍ വന്നില്ല?? അത് പോട്ടെ, ചിലപ്പോള്‍ ചിലര്‍ക്ക് ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ വരുന്നത് താല്പര്യം ഉണ്ടാകില്ല, പക്ഷേ ഒരു കുറിപ്പുപോലും ഇല്ലാത്തത് എന്തുകൊണ്ട്?’ – ഇങ്ങനെ പോകുന്നു കമന്‍റുകള്‍.
ജയറാമിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘മരണവീട്ടില്‍ വന്നില്ല എന്നത് കൊണ്ട് അയാളെ കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്നും ചിലര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ മരിച്ചുകിടക്കുന്നത് കാണുന്നതില്‍ ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ടായിക്കൂടേ വരാതിരുന്നത് എങ്കിലോ’ എന്നും പലരും ചോദിക്കുന്നു. ഏറെ നാളായി ശാരീരിക അവശതകള്‍ അലട്ടിയിരുന്ന ശ്രീനിവാസന്‍ ഡിസംബര്‍ 20 നാണ് വിടവാങ്ങിയത്.