ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തത വരുത്താനാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. പതിനൊന്നേ കാലോടെയാണ് കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് നടൻ ജയറാം എത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്താനാണ് ജയറാമിനോട് ഹാജരാകാൻ ഇ.ഡി നിർദേശിച്ചിരുന്നത്. Also Read: ഊരാളുങ്കലിന്റേത് ഊതിപ്പെരുപ്പിച്ച കണക്കോ?
50 വർഷമായി ശബരിമലയിലേക്ക് പോകുന്ന ഭക്തനാണ് താനെന്നും, എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കില്‍ പുറത്തുവരണമെന്നും അറിയാവുന്ന കാര്യങ്ങൾ കോടതിയോടും ഉദ്യോഗസ്ഥരോടും പറയുമെന്നും സത്യം പുറത്ത് കൊണ്ടുവരേണ്ടത്എന്‍റെ കൂടി കടമയാണെന്നും ചോദ്യം ചെയ്യലിന് കയറുംമുൻപ് ജയറാം പ്രതികരിച്ചു.
സ്വർണ്ണപ്പാളികളിൽ നിന്നും വേർതിരിച്ച സ്വർണം ബെല്ലാരിയിലെ ഗോവർധന് എത്തിച്ചു നൽകിയ ഇടനിലക്കാരൻ കൽപേഷും ചോദ്യം ചെയ്യലിന് ഹാജരായി. അതിനിടെ ദേവസ്വം ബോർഡിലെ ഉന്നതർക്ക് കുരുക്കാവുകയാണ് മുൻ സെക്രട്ടറി എസ്.ജയശ്രീയുടെ മൊഴി. ബോർഡ് തീരുമാനപ്രകാരം ഉത്തരവിറക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ജയശ്രീ മൊഴി നൽകിയത്.
സ്വന്തം നിലയിൽ താൻ തീരുമാനമെടുത്തിട്ടില്ല. സ്വർണ്ണക്കൊള്ളയിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇടപാടുകൾ ഇല്ലെന്നും ജയശ്രീ അറിയിച്ചു. ജയശ്രീയുടെ ഈ മൊഴി ഇ.ഡി വിശ്വാസത്തിലെടുത്തിട്ടില്ല. ജയശ്രീയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുമെന്നും സ്വത്തുക്കളിൽ കൂടുതൽ പരിശോധയുണ്ടാകുമെന്നും ഇ.ഡി വ്യക്തമാക്കി.