aparna-and-shruthi

ഇന്ത്യ ഗോട്ട് ലാറ്റന്‍റ് ഷോയ്ക്കിടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ യുട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയെ വിമര്‍ശിച്ച് ശ്രുതി രജനികാന്തും  അപർണ തോമസും. മാതാപിതാക്കളെയും ലൈംഗികതയെയും ചേര്‍ത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് ബീർബൈസെപ്സ് നടത്തിയ ക്ഷമാപണ വിഡിയോയ്ക്ക് കീഴിലാണ് വിമര്‍ശിച്ച് താരങ്ങളെത്തിയത്.

ഒരിക്കലും സങ്കൽപ്പിക്കാൻ പോലും പാടില്ലാത്ത കാര്യമാണ് നിങ്ങൾ പറഞ്ഞത്, നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു എന്നാണ് അല്ലാബാഡിയ മാപ്പു പറഞ്ഞെത്തിയ പോസ്റ്റിനു കമന്റായി അപർണ തോമസ് കുറിച്ചത്. അല്ലാബാഡിയയുടെ വിഡിയോകൾ കാണാറില്ലെങ്കിലും കേരളത്തിന്റെ നൂറുശതമാനം സാക്ഷരതയെക്കുറിച്ച് സർദാർജി പറഞ്ഞപ്പോൾ ചിരിച്ചിട്ടുണ്ടെന്നും ഇപ്പോൾ വിവരമില്ലാത്ത ആളുകൾ എങ്ങനെയിരിക്കുമെന്നു ലോകത്തിനു മുഴുവൻ മനസ്സിലായി. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ അല്പം മാന്യത കാണിക്കാൻ ശ്രമിക്കൂ. ഓ, നിങ്ങൾ കേരളത്തിൽ നിന്നുള്ളതല്ലല്ലോ. നിങ്ങൾ മലയാളി അല്ലാത്തതിന് ദൈവത്തിന് നന്ദി എന്നുമാണ് ശ്രുതി രജനികാന്ത് കുറിച്ചത്.

മാതാപിതാക്കെയും ലൈംഗികതയെയും ചേര്‍ത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ യുട്യൂബര്‍ ക്ഷമാപണം നടത്തിയിരുന്നു. യാപൊലീസ് കേസായതോടെയാണ് മാപ്പ് പറഞ്ഞ്. എന്നാല്‍ വ്യാപകവിമര്‍ശനമുണ്ടായിട്ടും കേരളത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച്  രണ്‍വീര്‍ അല്ലാബാഡിയ ഇപ്പോഴും മൗനം അവലംബിക്കുകാണ്. വിവാദ പരാമർശം നടത്തിയതിൽ ക്ഷമ ചോദിച്ചുകൊണ്ടുള്ള വീഡിയോ  രൺവീർ അല്ലാബാഡിയ ഇൻസ്റ്റാഗ്രാമിലാണ് പങ്കുവച്ചത്. തന്‍റെ അഭിപ്രായം അനുചിതമായിരുന്നു എന്ന് മനസിലാക്കുന്നു  എന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് അല്ലാബാഡിയ പറഞ്ഞത്. ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്നാണ്  ഇയാള്‍  ഇന്ത്യ ഗോട്ട് ലാറ്റന്‍റ് ഷോയ്ക്കിടെ  ചോദിച്ചത്.

രണ്‍വീര്‍ അലഹബാദിയ, കൊമേഡിയന്‍ സമയ് റൈന, സോഷ്യല്‍ മീഡിയ ഇന്റഫ്‌ളുവന്‍സര്‍ അപൂര്‍വ മഖിജ, പരിപാടിയുടെ പ്രധാന ചുമതലക്കാര്‍ എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപെടല്‍. പൊലീസ് ഇവരുടെ സ്റ്റുഡിയോയിലെത്തി പരിശോധനയും നടത്തി.

ഇതേ പരിപാടിക്കിടെയായിരുന്നു  കേരളത്തിനെതിരെയും അധിക്ഷേപ പരാമര്‍ശമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടിയോട്  ഏതെങ്കിലും രാഷ്​ട്രീയത്തോട് അനുഭാവമുണ്ടോ എന്നായിരുന്നു ചോദ്യം. താന്‍ രാഷ്​ട്രീയമൊന്നും ശ്രദ്ധിക്കാറില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി . വോട്ട് ചെയ്​തിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. ഉടനെ 'കേരള സാര്‍, 100 ശതമാനം സാക്ഷരത സാര്‍' എന്ന് പറഞ്ഞ് രണ്‍വീര്‍ ഉള്‍പ്പടെയുള്ളവര്‍ പൊട്ടിച്ചരിച്ചു .

ഈ ക്ലിപ്പ്  പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പല ഗ്രൂപ്പുകളിലും കേരളത്തിലെ പരിഹസിച്ചും സാക്ഷരതയെ പറ്റി തമാശകള്‍ പറഞ്ഞും വിഡിയോ പ്രചരിച്ചു. അതേസമയം പരാമര്‍ശത്തിനെതിരെ മലയാളികളും വന്‍പ്രതിഷേധവുമായി എത്തി. ജാതിയുടേയും മതത്തിന്‍റേയും അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്നവരാണ് കേരളത്തെ പരിഹസിക്കുന്നതെന്നായിരുന്നു തിരിച്ചടി.

ENGLISH SUMMARY:

YouTuber Ranveer Allahbadia faced criticism from Shruti Rajnikanth and Aparna Thomas for making derogatory remarks during India’s Got Talent show