saji-death-case

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിൽ നിന്നു മിഷ്മ കണ്ണീരോടെ പറഞ്ഞു എന്‍റെ അമ്മയെ അച്ഛന്‍ കൊന്നതാ, എന്റെ കൺമുന്നിലാണ് അമ്മയെ ഉപദ്രവിച്ചത്. അച്ഛന്റെ വഴിവിട്ട ബന്ധങ്ങൾ ചോദ്യം ചെയ്യുമ്പോൾ വഴക്ക് പതിവാണ്. അന്ന് അച്ഛൻ അമ്മയെ ചീത്ത വിളിക്കുകയും വല്ലാതെ ഉപദ്രവിക്കുകയും ചെയ്തു. അതിനിടെ മുടിക്കുത്തിനു പിടിച്ചു തല ഭിത്തിയിൽ ആഞ്ഞിടിച്ചു. അമ്മ കുഴഞ്ഞുവീണു. ഞാൻ തൊട്ടടുത്തു താമസിക്കുന്ന ബന്ധുക്കളെ വിളിക്കാൻ ഓടി. അവരുമൊത്തു തിരികെ വന്നപ്പോൾ ‘ഒന്നുമില്ലെന്ന്’ പറഞ്ഞ് അച്ഛൻ അവരെ പറഞ്ഞുവിട്ടു. ഞാൻ അകത്തേക്കു ചെല്ലുമ്പോൾ അമ്മ അതേപടി കിടക്കുകയാണ്. പക്ഷേ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു, കണ്ണീരോടെ മിഷ്മ ആ സംഭവം ഓര്‍ത്തു. 

അപകടമരണമെന്നു കരുതിയ സംഭവത്തിൽ, കല്ലറ തുറന്ന് സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിച്ചത് അച്ഛൻ സോണിക്കെതിരെ മിഷ്മ പി.ഉലഹന്നാൻ നൽകിയ പരാതിയായിരുന്നു. ചേർത്തല നഗരസഭ 29–ാം വാർഡ് പണ്ടകശാലപ്പറമ്പിൽ വി.സി.സജിയുടെ മരണത്തിന്റെ നാലാം ദിവസം ഭർത്താവ് പി.വൈ.സോണി ഇതേത്തുടർന്ന് അറസ്റ്റിലായി. 

‘സംഭവം നടന്ന ജനുവരി 8 ന് മദ്യപിച്ചാണ് അച്ഛൻ വീട്ടിലെത്തിയത്. വിവാഹേതരബന്ധത്തെപ്പറ്റി പറഞ്ഞ് വലിയ വഴക്കായി. അമ്മയെ അച്ഛൻ ഉപദ്രവിച്ചപ്പോൾ ഞാൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു. അവർ തിരികെ വിളിക്കുമ്പോൾ ബന്ധുക്കളെ വിളിച്ചുകൂട്ടി ഞാൻ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന തിരക്കിലായിരുന്നു. അതിനാൽ കോൾ എടുത്തില്ല. അവർ വീണ്ടും വിളിച്ചപ്പോൾ അച്ഛനെ ഭയന്നും അമ്മ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലും ഞാൻ അന്നുണ്ടായ കാര്യം മറച്ചുവച്ചു. അമ്മ ഗോവണിപ്പടിയിൽ നിന്നു വീണെന്നാണു പറഞ്ഞത്,അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയുടെ നില മെച്ചപ്പെട്ടെങ്കിലും പിന്നീടു പനിയും ഹൃദ്രോഗബാധയും ഉണ്ടായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയത്. ചികിത്സയിലായിരുന്ന സമയത്തൊന്നും അമ്മ സംസാരിച്ചിരുന്നില്ല. കൂടുതലും അബോധാവസ്ഥയിലായിരുന്നു.  അമ്മ ആശുപത്രി വിട്ടശേഷം അച്ഛനെതിരെ കേസ് കൊടുക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതീക്ഷകളെ തകർത്ത് അമ്മ കഴിഞ്ഞ ഞായറാഴ്ച യാത്രയായി. എന്റെ ഇഷ്ടത്തിന് എതിരു നിന്നാൽ അമ്മയുടെ ഗതി നിനക്കും ഉണ്ടാകുമെന്നു ചൊവ്വാഴ്ച രാത്രി അച്ഛൻ എന്നെ ഭീഷണിപ്പെടുത്തി. പിറ്റേന്നു തന്നെ ഞാൻ പൊലീസിൽ പരാതി നൽകി മിഷ്മ പറഞ്ഞു.

ENGLISH SUMMARY:

The postmortem report of Saji, a homemaker from Cherthala, confirmed that her death was caused by a head injury. The findings revealed fractures in the skull. Following a complaint by her daughter, alleging that her father assaulted and killed her mother, authorities exhumed Saji’s body for postmortem examination