ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള നടന്നതിന്‍റെ സിസിടിവി ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലെ കാഷ് കൗണ്ടറില്‍ നിന്ന് മോഷ്ടാവ് പണം തട്ടിയെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. സ്കൂട്ടറില്‍ എത്തിയ മോഷ്ടാവ് വാഹനം ബാങ്കിനു മുന്നില്‍ നിര്‍ത്തിയശേഷം ഉള്ളില്‍ കടക്കുകയായിരുന്നു.
ഹെല്‍റ്റ് ധരിച്ച്, ജാക്കറ്റ് അണിഞ്ഞാണ്, ഉച്ചയ്ക്ക് 2.15 ഓടെ മോഷ്ടാവ് ബാങ്കിനുള്ളിലേക്ക് കയറിയത്. ബാങ്കിനുള്ളിലെത്തിയതോടെ, മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടര്‍ തല്ലിത്തകര്‍ത്ത് എല്ലാവരെയും ഭയപ്പെടുത്തുകയായിരുന്നു. കാഷ്യറായ വനിതാ ജീവനക്കാരിയെ കത്തിമുനയില്‍ നിര്‍ത്തിയാണ് 15 ലക്ഷം കവര്‍ന്നത്.
കവര്‍ച്ച സമയത്ത് ബാങ്കിലുണ്ടായിരുന്നത് എട്ട് ജീവനക്കാരാണ്. പരിചിതനായ മോഷ്ടാവല്ലെന്നും, സംസാരിച്ചത് ഹിന്ദിയിലാണെന്നുമാണ് പൊലീസ് പറയുന്നത്. മോഷ്ടാവ് തൃശ്ശൂർ ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചസമയത്ത് ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു മോഷ്ടാവിന്‍റെ വരവ്. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ചാണ് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകർത്തതും പണം കവര്‍ന്നതും.