കലാമണ്ഡലം സത്യഭാമയെ അറിയാത്ത മലയാളിയുണ്ടാവില്ലാ, നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്‌ണനെ അപമാനിച്ചെന്ന പരാതിയും അതിന്‍റെ മേൽ സംഭവിച്ച ചർച്ചകളും കേരളം കണ്ടതാണ്. രാമകൃഷ്ണന്‍റെ നിറത്തെയും മോഹിനിയാട്ടത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള സത്യഭാമയുടെ പ്രതികരണം വൻവിവാദമായിരുന്നു. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും ഏറ്റുവാങ്ങേണ്ടി വന്നിട്ടും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും തന്‍റെ വാദത്തില്‍ സത്യഭാമ അന്ന് ഉറച്ചുനിന്നു. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ കറുത്ത കാര്‍ വാങ്ങുന്ന സത്യഭാമയാണ്.
അതും കറുത്ത നിറത്തിലൊരുങ്ങിയിരിക്കുന്ന ജഗ്വാർ XE ആഡംബര സെഡാനാണ് കലാമണ്ഡലം സത്യഭാമ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ പ്രമുഖ പ്രീമിയം യൂസ്‌ഡ് കാർ ഡീലറായ ഹർമാൻ മോട്ടോർസിൽ നിന്നുമാണ് സത്യഭാമ ഈ കരിമ്പുലിയെ കൂടെക്കൂട്ടിയിരിക്കുന്നത്. കലാമണ്ഡലം സത്യഭാമ ജൂനിയർ തന്റെ പുതിയ വാഹനത്തിന്റെ ഡെലിവറിയെടുക്കാനായി ഷോറൂമിലെത്തുന്നതും കാറിന്റെ താക്കോൽ സ്വീകരിക്കുന്നതിന്റെയും വീഡിയോയും ചിത്രങ്ങളും ഹർമാൻ മോട്ടോർസ് തന്നെയാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.