കനാലിന്റെ നടപ്പാലത്തിൽ നിൽക്കവെ നായയെ കണ്ടു ഭയന്ന എട്ടു വയസ്സുകാരൻ കനാലിൽ വീണു മരിച്ചു. ഇരണൂർ നിരപ്പുവിള അനീഷ് ഭവനിൽ അനീഷിന്റെയും ശാരിയുടെയും മകൻ യാദവ് ആണു മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം. വീടിനു സമീപം കനാൽക്കരയിൽ നിൽക്കുകയായിരുന്ന മുത്തശ്ശിയുടെ അരികിലേക്കു പോകാനാണു യാദവ് താൽക്കാലിക നടപ്പാലത്തിലേക്കു കയറിയത്. എന്നാൽ നായയെ കണ്ടതോടെ പേടിച്ചു കാൽവഴുതി കനാലിലേക്കു വീഴുകയായിരുന്നു.
ശക്തമായ അടിയൊഴുക്കുള്ള കല്ലടക്കനാലിലേക്കാണു കുട്ടി വീണത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തി. പിന്നാലെ 130 മീറ്റർ അകലെയുള്ള നിരപ്പുവിള ഭാഗത്തുനിന്നു കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പഴിഞ്ഞം സെന്റ് ജോൺസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു യാദവ്.