AFP
പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേൽ സിംഗർ റൈനറിനെയും ലോസ് ഏഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മകനെ അറസ്റ്റ് െചയ്തു. 32കാരനായ നിക്ക് റൈനര്‍ക്കെതിരെ ജാമ്യമില്ലാ കേസെടുത്ത് അറസ്റ്റ് ചെയ്തതായി ലോസ് ഏഞ്ചൽസ് പോലീസ് അറിയിച്ചു. ബ്രെന്റ്‌വുഡിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്.
ദമ്പതികളുടെ മകള്‍ 28വയസുകാരിയായ റോമിയാണ് മാതാപിതാക്കളെ കുത്തേറ്റു മരിച്ച നിലയില്‍ ആദ്യം കാണുന്നത്. ഇരുവരുടേയും ശരീരത്തില്‍ പലതവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. 78കാരനായ റോബ് റൈനറും ഭാര്യ 68കാരിയായ മിഷേലും വീട്ടില്‍വച്ചു തന്നെയാണ് മരണപ്പെട്ടതെന്നാണ് സൂചന. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് മാത്രമാണ് ലോസ് ഏഞ്ചല്‍സ് പൊലീസ് പ്രതികരിച്ചത്. പ്രതി നിക്ക് റൈനര്‍ നേരത്തേ ലഹരിക്കടിമപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
‘വെൻ ഹാരി മെറ്റ് സാലി’, ‘ദിസ് ഈസ് സ്പൈനൽ ടാപ്പ്’, ‘സ്റ്റാൻഡ് ബൈ മീ’, ‘മിസറി’, ‘എ ഫ്യൂ ഗുഡ് മെൻ’ എന്നിവയുൾപ്പെടെയുള്ള സിനിമകളിലൂടെ പ്രശസ്തനാണ് കൊല്ലപ്പെട്ട റോബ് റൈനര്‍. പ്രശസ്ത ഹാസ്യതാരം കാൾ റൈനറിന്റെ മകനായ റോബ് റൈനർ, 1960-കളിലാണ് തന്റെ കരിയർ ആരംഭിച്ചത്. ‘ഓൾ ഇൻ ദി ഫാമിലി’ എന്ന ടിവി സിറ്റ്കോമിൽ ‘മീറ്റ്ഹെഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് റോബ് പ്രശസ്തിയിലേക്ക് ഉയര്‍ന്നു തുടങ്ങിയത്.
1989ലാണ് നടിയും ഫോട്ടോഗ്രാഫറും നിർമ്മാതാവുമായിരുന്ന മിഷേലിനെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. കൂടാതെ 'റൈനർ ലൈറ്റ്' എന്ന ഫോട്ടോഗ്രാഫി ഏജൻസിയുടെയും പ്രൊഡക്ഷൻ കമ്പനിയുടെയും സ്ഥാപകയുമാണ് മിഷേല്‍. ഡെമോക്രാറ്റിക് അനുകൂലി കൂടിയായിരുന്നു റോബ് റൈനര്‍.
അങ്ങേയറ്റം ദുഖകരം എന്നാണ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് ദമ്പതികളുടെ മരണവാര്‍ത്തയറിഞ്ഞ് എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചത്. ട്രംപിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു റോബ്. ഹോളിവുഡ് താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ദമ്പതികളുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.