അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റി ബിരിയാണി വേണമെന്ന ആലപ്പുഴയിലെ ശങ്കുവിന്റെ ആവശ്യം കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ സമപ്രായക്കാർക്ക് ഗുണമായി. മുട്ടുചിറ കോളനിയിലെ അങ്കണവാടിയിൽ ഇനി കുരുന്നുകൾക്ക് മാസത്തിൽ ഒരു ദിവസം ബിരിയാണീം പൊരിച്ച കോഴീം കിട്ടും. ജനപ്രതിനിധികളും രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും ഒന്നിച്ചാണ് പുതിയ തീരുമാനം എടുത്തത്.
കുട്ടികൾ എന്തെങ്കിലും ആവശ്യം പറഞ്ഞാൽ അതങ്ങ് സാധിച്ചു കൊടുത്തേക്കണം. അതാണ് കോട്ടയം പനച്ചിക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ അംഗൻവാടിയുടെ നയം. ആലപ്പുഴ ദേവീകുളങ്ങരയിലെ അങ്കണവാടിക്കുട്ടി ശങ്കുവിന്റെ ആവശ്യം മലയാളികൾ ഒന്നാകെ ഏറ്റെടുത്തു.
വൈറൽ വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കുഞ്ഞുങ്ങൾക്ക് അംഗൻവാടിയിൽ ബിരിയാണി കൊടുക്കുന്നത് പരിഗണിക്കാമെന്ന് മന്ത്രി വീണ ജോർജ്ജും പറഞ്ഞിരുന്നു. എന്നാൽ പനച്ചിക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ അംഗൻവാടി സർക്കാർ നടപടിയാകുന്നത് വരെ കാത്തിരിക്കുന്നില്ല. ആദ്യമാസത്തെ ബിരിയാണിയും പൊരിച്ച കോഴിയും വാർഡംഗം ശാലിനി തോമസിന്റെ വക
അംഗൻവാടിയിലെ ജീവനക്കാരും മാതാപിതാക്കളും പ്രാദേശിക പൊതുപ്രവർത്തകരും ചേരുന്ന കൂട്ടായ്മയാണ് ഓരോ മാസവും കുഞ്ഞുങ്ങൾക്ക് ബിരിയാണിയും പൊരിച്ച കോഴിയും കൊടുക്കാനുള്ള പണം കണ്ടെത്തുക. സർക്കാർ നടപടി ആകുന്നത് വരെയാണ് ക്രമീകരണം.