ഷാരോണിന് എതിരെ കൊലപാതക പ്രസംഗം നടത്തിയ എഴുത്തുകാരി കെആര്‍ മീരയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിക്കണമെന്ന് രാഹുല്‍ ഈശ്വര്‍. കെആര്‍ മീരയുടെ വിഡിയോ വിഡി സതീശന്‍ ഇതിനകം കണ്ടിട്ടുണ്ടാവണം. ചിരിച്ചുകൊണ്ട് കൊലപാതകത്തെ ന്യായീകരിക്കുന്ന മീരയ്ക്ക് തീവ്ര ഫെമിനിസ്റ്റ് നിലപാടാണ്. പുരുഷ കമ്മിഷന്‍ എന്ന അഭ്യര്‍ഥനയെ വിഡി സതീശന് മുന്നില്‍ സമര്‍പ്പിക്കുകയാണെന്നും ഫെയ്സ്ബുക്കില്‍ പങ്കിട്ട വിഡിയോയിലൂടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ആ പയ്യനെ വിഷം കൊടുത്ത് കൊന്നിട്ട് ഷാരോണാണ് കുറ്റക്കാരനെന്ന് കെആര്‍ മീര പറയുന്നതിനെതിരെ സാംസ്കാരിക നായകര്‍ പ്രതികരിക്കാത്തതെന്തേ? കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതീക്ഷയോടെയാണ് വിഡി സതീശനെ നേക്കിക്കാണുന്നത്. ഏത് വിഷയവും ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച വ്യക്തിയാണ് അദ്ദേഹം.
ഇവിടുത്തെ പുരുഷ വിരുദ്ധ മൈന്‍ഡ് സെറ്റിനെ അഡ്രസ് ചെയ്യേണ്ടതുണ്ട്. പുരുഷ കമ്മിഷന്‍ എന്ന അഭ്യര്‍ഥനയെ സതീശന് മുന്നില്‍ സമര്‍പ്പിക്കുകയാണ്. ഇതിനകം തന്നെ എത്രയോ വ്യാജ പരാതികള്‍ കണ്ടു... ഉമ്മന്‍ ചാണ്ടി മുതല്‍ നിവിന്‍ പോളി വരെയുള്ള പുരുഷന്മാര്‍ക്കെതിരെ വ്യാജ പരാതികള്‍ വന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിലാണ് എഴുത്തുകാരി കെ.ആര്‍ മീര വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രാഹുല്‍ ഈശ്വര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. ബി.എന്‍.എസ് 352,353,196 ഐ.ടി ആക്ട് 67 തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് പരാതി നല്‍കിയത്. മീരയുടെ പ്രസ്താവന കൊലപാതകത്തെ ന്യായീകരിക്കുന്നതാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നു.