മലപ്പുറം എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിഷ്ണുജയേറ്റ പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് കൂട്ടുകാര്‍. ഭര്‍ത്താവ് പ്രബിന്‍ വിഷ്ണുജയെ മര്‍ദിച്ചിരുന്നുവെന്നും അതിന് ശേഷം മാപ്പ് പറഞ്ഞ് കാലുപിടിക്കുമെന്നും വിഷ്ണുജ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. കാലുപിടിച്ച് പിന്നാലെ വരുന്നതോടെ വിഷ്ണുജ ക്ഷമിക്കുമെന്നും വീട്ടില്‍ ഇക്കാര്യം സംസാരിക്കണമെന്ന് തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും കൂട്ടുകാര്‍ വെളിപ്പെടുത്തി. വീട്ടില്‍ പറയണമെന്ന് പറയുമ്പോള്‍ പ്രബിന്‍ പാവമാണെന്നും സോറി പറഞ്ഞു, താന്‍ നേരെയാക്കിയെടുത്തോളാമെന്നും നിങ്ങളാരും സംസാരിക്കേണ്ടതില്ലെന്നും വിഷ്ണുജ പറയാറുണ്ടായിരുന്നതെന്നും സുഹൃത്തുക്കള്‍ ഓര്‍ത്തെടുത്തു. അന്ന് വീട്ടില്‍ പറഞ്ഞിരുന്നുവെങ്കിലോ,മറ്റാരെങ്കിലും ഇടപെട്ടിരുന്നുവെങ്കിലോ ആ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് വേദനയോടെ കൂട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ ഇടപെട്ടാല്‍ ബന്ധം ഒഴിവാക്കി വീട്ടില്‍ കൊണ്ടു നിര്‍ത്തുമെന്നും, മൂന്ന് പെണ്‍മക്കളുള്ള തന്‍റെ വീട്ടില്‍ അത് ബാധ്യതയാകുമെന്നും വിഷ്ണുജ ഭയന്നിരുന്നുവെന്നും കൂട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു
സൗന്ദര്യം കുറവാണെന്ന് പറഞ്ഞ് വിഷ്ണുജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്നും സ്ത്രീധനത്തിന്‍റെ പേരിലും ഉപദ്രവമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും വിഷ്ണുജയുടെ വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. വിഷ്ണുജയെ പ്രബിന്‍ ബൈക്കില്‍ പോലും കയറ്റില്ലായിരുന്നുവെന്നും വീട്ടില്‍ നിന്ന് റോഡുവരെയുള്ള മുറ്റം അടിച്ചുവാരിക്കുമായിരുന്നുവെന്നും വിഷ്ണുജയുടെ പിതാവ് പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രബിന്‍റെ വീട്ടിലെ കിടപ്പുമുറിയില്‍ വിഷ്ണുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പ്രബിന്‍ രണ്ടുവര്‍ഷം മുന്‍പാണ് വിഷ്ണുജയെ വിവാഹം കഴിച്ചത്. മറ്റ് സ്ത്രീകളുമായി പ്രബിന് ബന്ധമുണ്ടെന്ന് വിഷ്ണുജ പരാതി പറഞ്ഞിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തുന്നു. കുടുംബത്തിന്‍റെ പരാതിയില്‍ പ്രബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.