ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകന്‍ മന്ത്രിയായി മുന്നില്‍ വന്നുനിന്നപ്പോള്‍ അഭിമാനത്തോടെ ചേര്‍ത്തുപിടിച്ച് മമ്മൂട്ടി. ഓസ്‌ട്രേലിയിലെ മലയാളിമന്ത്രി ജിന്‍സണ്‍ ആന്‍റോ ചാള്‍സാണ് പൊതുപ്രവര്‍ത്തനത്തിലെ തന്‍റെ ആദ്യ മാര്‍ഗദര്‍ശിയെ കാണാനെത്തിയത്. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാരിന്‍റെ ഔദ്യോഗികകത്തും ജിന്‍സണ്‍ മമ്മൂട്ടിക്ക് കൈമാറി.
കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്‍റെ മമ്മൂട്ടി– മോഹന്‍ലാല്‍ ചിത്രത്തിന്‍റെ സെറ്റിലായിരുന്നു അപൂര്‍വ കൂടിക്കാഴ്ച. ഓസ്‌ട്രേലിയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മമ്മൂട്ടിയെ കാണാനെത്തിയതാണ് ജിന്‍സന്‍. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി ഹൃദയപൂര്‍വം സ്വീകരിച്ചു.
വര്‍ഷങ്ങളോളം മമ്മൂട്ടിയുടെ കാരുണ്യദൗത്യങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ജിന്‍സണ്‍, ഓസ്ട്രേലിയയിലും കെയര്‍ ആന്‍ഡ് ഷെയറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. നടനപ്പുറം ലോകമറിയാതെ മമ്മൂട്ടി ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്ന് ജിന്‍സന്‍ ചാള്‍സ് പറയുന്നു. ചെറിയ കാലംകൊണ്ട് ഭിന്ന മേഖലകളിലെ ഇനിയും ഏറെക്കാലം മന്ത്രിയായി തുടരാനാകട്ടെ എന്ന് ആശംസിച്ചാണ് ജിന്‍സനെ മമ്മൂട്ടി യാത്രയാക്കിയത്. നിര്‍മാതാവ് ആന്റോ ജോസഫ്, കെയർ ആൻഡ് ഷെയർ ഡയറക്ടര്‍ ജോർജ് സെബാസ്റ്റ്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.