കാസർകോട് ജില്ലയിലെ ഏക വനിതാ ബസ് ഡ്രൈവറാണ് ബാര സ്വദേശി ദീപ. കഴിഞ്ഞ 2 വർഷമായി മലയോരമേഖലയായ ബന്തടുക്കയിലൂടെയാണ് ദീപയുടെ ഡ്രൈവിങ്. വാഹനങ്ങളോടുള്ള ഇഷ്ടമാണ് ബസിന്റെ ഡ്രൈവിങ് സീറ്റിൽ എത്തിച്ചത്.
വീട്ടിലെ ടിപ്പർ ഓടിച്ചുനോക്കിയപ്പോൾ ദീപയ്ക്ക് ഒരു മോഹം ബസിന്റെ വളയം പിടിക്കണം. വച്ചുതാമസിപ്പിച്ചില്ല.
ഹെവി ലൈസൻസ് സ്വന്തമാക്കി സഹോദരൻ ഗോപുവിന്റെ ശ്രീകൃഷ്ണ ബസിന്റെ ഡ്രൈവറായി.
കയറ്റിറക്കങ്ങളുള്ള മലയോരമേഖലയിലൂടെ കഴിഞ്ഞ 2 വർഷമായി ദീപ വളയം പിടിക്കുന്നു. തുടക്കത്തിൽ പലർക്കും ആശങ്കയും സംശയവുമായിരുന്നു. എന്നാൽ ദിവസങ്ങൾക്കുളിൽ അത് ആരാധനയായി. തുടക്കത്തിൽ ഇടവിട്ട ദിവസങ്ങളിലായിരുന്നു ഡ്യൂട്ടി. പിന്തുണയുമായി ഭർത്താവും കുടുംബവും കൂടെ നിന്നതോടെ വളയം ജീവിതത്തിന്റെ ഭാഗമായി.