തിരുവല്ല വള്ളംകുളത്തുമുണ്ട് ഒരു ബെയ്‌ലി പാലം. ഒരു നാടിനെ ഒന്നാകെ വിഴുങ്ങിയ ഉരുള്‍പൊട്ടലിനെ അതിജീവിച്ച കഥയാണ് വയനാട്ടിലെ ബെയ്‌ലി പാലത്തിന് പറയാനുള്ളതെങ്കില്‍ ഒറ്റപ്പെട്ട നാടിനെ ചേര്‍ത്തുനിര്‍ത്തിയ കഥയാണ് വള്ളംകുളത്തെ ബെയ്‌ലി പാലത്തിന്‍റേത്. നാലുമാസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ മധ്യതിരുവിതാംകൂറിലെ ആദ്യ ബെയ്‌ലി പാലത്തിന്‍റെ കഥയിലേക്ക്.
1963 നവംബര്‍ ഏഴ്. സമയം രാത്രി എട്ടു കഴിഞ്ഞു. ശബരിഗിരിയെന്ന സ്വപ്ന പദ്ധതിക്കായുള്ള കൂറ്റന്‍ യന്ത്രവുമായി ഒരു ലോറി വള്ളംകുളം പാലത്തില്‍ കയറി. കൂരിരുട്ടില്‍ ഡ്രൈവര്‍ പാലത്തിന്‍റെ ആര്‍ച്ച് കണ്ടില്ല. അപകട മുന്നറിയിപ്പും ശ്രദ്ധിച്ചില്ല. ഭാരം താങ്ങാനാകാതെ പാലം തകര്‍ന്നു. ലോറി ആറ്റില്‍ പതിച്ചു. പാലം തകര്‍ന്നത് ഒരു നാടിന്‍റെയാകെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. കിഴക്കന്‍ പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ടു. പഠനവും കയറ്റുമതിയും ചികിത്സയും മുടങ്ങിയതോടെ സൈന്യത്തെ വിളിച്ച് ബെയ്‍ലി പാലം നിര്‍മിക്കണമെന്ന് മലയാള മനോരമ മുഖപ്രസംഗമെഴുതി. ഒടുവില്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷം പാലം പണി തുടങ്ങി. വാര്‍ക്ക സ്പാനുകളില്‍ ഇരുമ്പുഗര്‍ഡറുകള്‍ പിടിപ്പിച്ച അസ്സലൊരു ബെയ്‍ലി പാലം. 105 അടി നീളമുള്ള പാലം നിര്‍മിക്കാന്‍ അന്ന് ചിലവായത് 70,000 രൂപ.
കാലങ്ങള്‍ക്കിപ്പുറം 2012ല്‍ പുതിയ കോണ്‍ക്രീറ്റ് പാലം വന്നു. പക്ഷേ ഒരു കാലത്തിന്‍റെ ചരിത്രവും ഓര്‍മയും ഉണര്‍ത്തുന്ന പഴയ പാലം ഇന്നും അവിടെയുണ്ട്, തിരക്കേറിയ പാതയ്ക്കരികെ തിരക്കൊട്ടുമില്ലാതെ.