ദുരന്തത്തില്‍ ഒറ്റപ്പെട്ട മുണ്ടക്കൈ ഗ്രാമത്തിലേക്കെത്താന്‍ സൈന്യം നിര്‍മ്മിക്കുന്ന ബെയ്ലി പാലം വൈകാതെ പൂര്‍ത്തിയാകും. 190 അടി നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് 24 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. പാലം പൂര്‍ത്തിയാകുന്നതോടെ യന്ത്രസാമഗ്രികളടക്കം മുണ്ടക്കൈയിലേക്ക് എത്തിച്ച് തിരച്ചില്‍ ഊര്‍ജിതമാകും.
ഇന്നലെ രാവിലെ മുതലാണ് സൈന്യം പാലം നിര്‍മിക്കാന്‍ തുടങ്ങിയത്. രാത്രിയും നിര്‍മാണം തുടര്‍ന്നു. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും വിമാനങ്ങളിലെത്തിച്ച സാമഗ്രികള്‍ വലിയ ട്രക്കുകളിലാണ് ദുരന്തസ്ഥലത്തേക്ക് എത്തിച്ചത്.
എന്താണ് ബെയ്ലി പാലം?
രണ്ടാം ലോകയുദ്ധ കാലത്ത് ഉത്തര ആഫ്രിക്കയിലാണ് ബ്രിട്ടീഷ് സൈന്യം ആദ്യമായി ബെയ്ലി പാലം നിര്‍മിച്ചത്. ഉദ്യോഗസ്ഥനായിരുന്ന ഡോണള്‍ഡ് ബെയ്ലിയുടേതായിരുന്നു ആശയം. ടാങ്കുകള്‍ക്ക് അനായാസം സഞ്ചരിക്കാന്‍ ബെയ്ലി പാലങ്ങള്‍ക്ക് ഉപകരിക്കുമെന്ന് മനസിലായതോടെ പാലത്തിന് പ്രചാരമേറി. പ്രീ–ഫാബ്രിക്കേറ്റഡ് ഉരുക്ക് സാമഗ്രികളും തടിയും ഉപയോഗിച്ച് നിര്‍മിക്കുന്ന പാലം എടുത്തുമാറ്റാന്‍ പാകത്തിലുള്ളത്.
തികച്ചും താല്‍കാലിക ആവശ്യങ്ങള്‍ക്കായാണ് ബെയ്ലി പാലം നിര്‍മിക്കുന്നത്. ലഡാക്കിലെ ദ്രാസ്–സുറു നദികള്‍ക്കിടയിലാണ് ഇന്ത്യയിലെ ആദ്യത്തെ ബെയ്ലി പാലം നിര്‍മിച്ചത്. കേരളത്തില്‍ പത്തനംതിട്ട റാന്നിയിലാണ് ആദ്യ പാലം വന്നത്. 1996 ല്‍ റാന്നിയിലെ പാലം തകര്‍ന്നതിന് പിന്നാലെയാണ് ബെയ്ലി പാലം നിര്‍മിച്ചത്. ശബരിമലയില്‍ 2011 ല്‍ നിര്‍മിച്ച പാലം ഇപ്പോഴും ഉപയോഗിച്ചുവരുന്നു.