rannibailybridge--1-

വയനാട്ടിൽ സൈന്യം ബെയ്‍ലി പാലം നിർമിക്കുമ്പോൾ കേരളത്തിൽ ആദ്യത്തെ ബെയ്ലി പാല നിർമ്മാണം ഓർത്തെടുക്കുകയാണ് പത്തനംതിട്ട റാന്നിയിലെ നാട്ടുകാർ. 1996 ൽ റാന്നി പാലം തകർന്നപ്പോഴാണ് സൈന്യം ആശ്രയമായി എത്തിയത്. ശബരിമല സന്നിധാനത്തും പത്തനംതിട്ട ഏനാത്തും പിന്നീട് ഓരോ ബെയ്ലി പാലം നിർമ്മിച്ചു. 

I996 ജൂലൈ മാസം 29 ന് പമ്പാ നദിയിൽ  റാന്നിപ്പാലത്തിൻ്റെ മദ്ധ്യഭാഗത്തെ കോൺക്രീറ്റ് സ്പാൻ തകർന്നു വീണതോടെ  റാന്നി രണ്ടായി മുറിഞ്ഞു. അക്കരെ ഇക്കരെ ബന്ധുവീട് ഉള്ളവർക്കടക്കം വേദനിപ്പിക്കുന്ന അനുഭവമായിരുന്നു പാലത്തിൻറെ തകർച്ച.

ശബരിമലയിലേക്കുള്ള പ്രധാനപാത എന്ന അനുകൂല ഘടകമാണ് ബെയ്ലി പാലം വരാൻ കാരണം . തീർത്ഥാടകർ  അടക്കം നേരിടുന്ന ദുരിതം സർക്കാരിനെ ബോധ്യപ്പെടുത്താൻ അന്നത്തെ എംഎൽഎയായിരുന്ന രാജു എബ്രഹാമിന് അടക്കം കഴിഞ്ഞു. മൂന്നുദിവസംകൊണ്ട് സൈന്യമെത്തി ബെയ്ലി പാലം നിർമ്മിച്ചു.

ബെയ്ലി പാലം നിർമ്മിച്ച് രണ്ടു വർഷത്തിന്  ശേഷമാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പാലം പൂർത്തിയാക്കിയത്. ഇത് തുറന്നതോടെ സൈന്യം തന്നെ  ബെയ്ലി പാലം പൊളിച്ചു മാറ്റി. 

2016 ഓഗസ്റ്റിൽ ശബരിമല സന്നിധാനത്ത് സൈന്യം ഒരു ബെയ്ലി പാലം നിർമ്മിച്ചു. ആസൂത്രണത്തിലെ പിഴവു കാരണം അത് ഉപയോഗിക്കേണ്ടി വന്നില്ല. 2017 ജനുവരിയിൽ  എം സി റോഡിലെ   ഏനാത്ത് പാലത്തിന് ബലക്ഷയം വന്നതോടെയാണ് സൈന്യം ബെയ്ലി പാലം നിർമ്മിച്ചത്. പ്രധാനപാലം ബലപ്പെടുത്തിയതോടെ അഞ്ചുമാസത്തിന്  ശേഷം എനാത്തെ ബെയ്ലി പാലം പൊളിച്ചു നീക്കി.

First Bailey bridge in Kerala at Ranni: