ബിജെപിയില്‍ ഗുരുതരമായ അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. വളരെ കമ്മിറ്റഡ് ആയ പ്രവര്‍ത്തകര്‍ക്ക് മറ്റൊരു പാര്‍ട്ടിയിലേക്കും പോകാനാവാത്ത സ്ഥിതിയാണ്. ആരോടും പരാതി പറയാനും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും മുരളീധരന്‍ പറയുന്നു. സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ ബിജെപിയില്‍ ആത്മഹത്യാ പ്രവണത കൂടുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രശ്നങ്ങള്‍ അറിയിക്കാനായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ അടുത്തുപോയാല്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ചീത്ത വിളിച്ച് ഓടിക്കുമെന്നും കെ. മുരളീധരന്‍ പറയുന്നു. ബിജെപിക്ക് കേരളത്തില്‍ പ്രസക്തി നഷ്ടമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം ജീവിച്ചിരിക്കുന്നവര്‍ക്ക് കേരളത്തില്‍ വോട്ടില്ലെന്നും മരിച്ച ഒരാളെപ്പോലും വോട്ടര്‍പ്പട്ടികയില്‍ നിന്നും നീക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പിണറായി സര്‍ക്കാറിനോട് ഒരു കാര്യമേ പറയാനുള്ളൂ, പരേതാത്മാക്കളെ എല്ലാവരേയും കൊണ്ടുവന്ന് വോട്ട് ചെയ്താലും സിപിഎം ഇനി കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും മുരളീധരന്‍ പറയുന്നു.