കേരളത്തിലെ ഗ്രൂപ്പ് യുദ്ധത്തില്‍ ഇടപെടാന്‍ സമയമില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതോടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നേതാക്കള്‍. വാക്പോരിന് വിരാമമായെങ്കിലും ഫ്ളെക്സ് യുദ്ധം തുടങ്ങിയിരിക്കുകയാണ് ഗ്രൂപ്പുകളും നേതാക്കളും. ഷാഫി പറമ്പിലിന് അനുകൂലമായി തലസ്ഥാനത്തും ഫ്ളെക്സ് ഉയര്‍ന്നു. 

സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പരാതിക്കെട്ടുകളായി എ.ഐ.സി.സിക്ക് മുന്‍പിലെത്തിയെങ്കിലും, പിടിപ്പത് പണിയുള്ളതിനാല്‍ തല്‍ക്കാലം ഇടപെടാന്‍ സമയമില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ സമീപനം. പരസ്യപ്രസ്താവനകള്‍ തടഞ്ഞ് വിഷയം തണുപ്പിക്കാനുള്ള നിര്‍ദേശമാണ് കെ.പി.സി.സി നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. ചേരിതിരിഞ്ഞുള്ള വാക്പോരില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി കൂടി രേഖപ്പെടുത്തിയതോടെ തല്‍ക്കാലം ഒന്ന് അടങ്ങാന്‍ ഗ്രൂപ്പുകളും നേതാക്കളും തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം, ഹൈക്കമാന്‍ഡിന് പരാതി അയയ്ക്കുന്ന പതിവുകലാപരിപാടി തുടരാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. ഇതിനിടെ, ഫ്ളെക്സ് യുദ്ധത്തിലൂടെ പുതിയ പോര്‍മുഖവും തുറന്നിട്ടുണ്ട്. പുതുപ്പള്ളിക്ക് പിന്നാലെ തലസ്ഥാനത്തും ഷാഫി പറമ്പില്‍ അനൂകൂല ഫ്ളെക്സുകള്‍ ഉയര്‍ന്നു.  പടനയിച്ചവന്‍ ജനനായകന്‍ എന്ന പേരിലാണ് എംഎല്‍എ ഹോസ്റ്റലിന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഷാഫി അനുകൂല ഫ്ളെക്സ് വച്ചത്. പരസ്യപ്രസ്താവനകള്‍ക്ക് വിലക്കുള്ളതിനാല്‍ ഫ്ളെക്സിലൂടെ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് ഷാഫി അനുകൂലികള്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം.

ENGLISH SUMMARY:

Malayala Manorama Online News reports that the Congress high command has refused to intervene in the ongoing Kerala group war, leading to a temporary truce among leaders. Despite the ceasefire on verbal spats, factions have now started a flex-board war in the capital.