പി.ജയരാജന്‍– ഇ.പി.ജയരാജന്‍ തര്‍ക്കത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാര്‍ട്ടിക്കുള്ളില്‍ കൈകാര്യം ചെയ്യേണ്ടത് അവിടെ െചയ്യുമെന്നും എല്ലാം പുറത്തുപറയേണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതില്ലെന്ന നിലപാടും അദ്ദേഹം കൈക്കൊണ്ടു. പി.ജയരാജനെതിരായ പടയൊരുക്കം പാര്‍ട്ടിയിലെ ഒരു പറ്റം നേതാക്കന്‍മാരുടെ പിന്തുണയോടെയാണെന്നും ഉറച്ച പിന്തുണയുടെ പുറത്താണ് ഇപി പരാതിയായി നല്‍കിയതെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. 

പി.ജയരാജന് പല ജില്ലകളിലും ക്വട്ടേഷന്‍ സംഘങ്ങളുണ്ട്. സ്വര്‍ണം  പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളിലും കഴമ്പുണ്ടെന്നതുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇപി എഴുതി നല്‍കിയ പരാതിയിലുള്ളത്. നേതാക്കളെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന സംഘത്തിന്‍റെ പ്രവര്‍ത്തനവും പി.ജയരാജന്‍റെ മൗനാനുവാദത്തോടെയാണെന്നും ഇപി വാദിക്കുന്നു. 

മാങ്കുളം റിസോര്‍ട്ടുമായി പി.ജയരാജന് ബന്ധമുണ്ടെന്നതായിരുന്നു മറ്റൊരു പ്രധാന ആരോപണം. ദുബായിലാണ് റിസോര്‍ട്ടിന്‍റെ യോഗങ്ങള്‍ നടക്കാറുള്ളതെന്നും ബോര്‍ഡ് മീറ്റിങില്‍ പി.ജയരാജന്‍ പങ്കെടുക്കാറുണ്ടെന്നും ഇപിയുടെ പരാതിയിലുണ്ടായിരുന്നു. പി.ജയരാജന്‍ നേരത്തെ ഇപിക്കെതിരെ ഉയര്‍ത്തിയ വൈദേഹം റിസോര്‍ട്ട് ആരോപണത്തിന് തിരിച്ചടിയാണിതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ENGLISH SUMMARY:

CPM Kerala State Secretary M.V. Govindan has declined to comment in detail on the reported dispute between senior party leaders P. Jayarajan and E.P. Jayarajan. He said internal party matters would be handled within the organisation and that not everything needed to be made public, rejecting the need to provide explanations to the media. Reports suggest that E.P. Jayarajan submitted a written complaint containing serious allegations against P. Jayarajan, including alleged links with quotation gangs, gold-smuggling groups and a resort in Mankulam. The complaint also reportedly accused P. Jayarajan of tacitly supporting social media campaigns targeting party leaders, while the allegations have emerged amid an apparent escalation of tensions between the two leaders.