ഉമ്മന്ചാണ്ടിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന പുതിയ വിവാദത്തിനു പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് നാദാപുരം എംഎല്‍എ കൂടിയായ കെ.എം അഭിജിത് രംഗത്ത്. വിദ്യാര്‍ഥികാലം മുതല്‍ പാര്‍ട്ടിക്കുവേണ്ടി പോരാടിയ നേതാവിനെ മറക്കരുതെന്ന് അഭിജിത് ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു. ആത്മാർത്ഥതയും സേവന സന്നദ്ധതയും സംഘാടന മികവും ഒത്തുചേർന്ന നേതാവാണ് ഷാഫിയെന്നും അഭിജിത് പറയുന്നു. 102 സീറ്റുകളാണ് മലയാളികൾ ഐക്യ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ചത്. നാദാപുരം ഉൾപ്പെടെ ആ നൂറ്റിരണ്ടിനോട് ചേർന്നു നിൽക്കുമ്പോൾ അതിൽ ഷാഫി പറമ്പിലിന്റെ പങ്ക് ചെറുതല്ല.
മത്സരിച്ച പൊതു തെരഞ്ഞെടുപ്പുകളിൽ എല്ലാം മിന്നുന്ന ജയം നേടിയ നേതാവിന്റെ ജനപ്രീതിക്ക് മുമ്പിൽ ഇടറി വീണത് പ്രമുഖർ ആണെന്നും ഒരിക്കൽ താൻ വിജയിച്ച സീറ്റ് പിന്നീട് പാർട്ടിക്കെന്നും ജയിക്കാവുന്ന സീറ്റ് ആക്കി മാറ്റാൻ കഴിയുന്ന യുവനേതാവാണ് ഷാഫി പറമ്പിലെന്നും അഭിജിത് പറയുന്നു. 102 എന്ന നമ്പറും ഷാഫി പറമ്പില്‍ എന്ന നേതാവിനേയും ആരും മറക്കരുതെന്നും അഭിജിത് പറയുന്നു. ‘ഈ നാട് പ്രതീക്ഷയോടുകൂടി ഏൽപ്പിച്ച 102 എന്ന നമ്പർ, പത്തുവർഷത്തെ ദുരിത കാലത്തിനപ്പുറം ഈ നാട് മുന്നേറ്റത്തിന്റെ പാതയിലാണ്, വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി നമ്മെ സ്നേഹിച്ച, അംഗീകരിച്ച പൊതുജനത്തെ വെറുപ്പിക്കരുത്, പ്ലീസ്... ഇത് ഓരോ സാധാരണ പ്രവർത്തകന്റെയും മനസ്സിലുള്ള അപേക്ഷയാണ്’– അഭിജിത് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഈ തണലിൽ ആയിരുന്നു വളർന്നത്, പാർട്ടിക്കുവേണ്ടി പോരാടിയതും ഈ കുടക്കീഴിൽ ഒന്നിച്ചായിരുന്നു. വിദ്യാർത്ഥി കാലം മുതലേ പാർട്ടിക്കുവേണ്ടി പോരാടിയവൻ, ആത്മാർഥതയും സേവന സന്നദ്ധതയും സംഘാടന മികവും ഒത്തുചേർന്നപ്പോൾ യൂണിറ്റ്, മണ്ഡലം, ജില്ലാ, സംസ്ഥാന, ദേശീയ പദവികൾ ഒന്നൊന്നായി വന്നുചേർന്നു.. ഒന്നും ചോദിച്ചു വാങ്ങിയില്ല, പ്രവർത്തകർ-നേതാക്കൾ ആവേശത്തോടെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ.. ചങ്കുറപ്പോടെ പ്രവർത്തിച്ചപ്പോൾ കേരളം ആ ശബ്ദത്തിന് കാതോർത്തു..
കേരള യുവജനത ആ പേര് ഒന്നിച്ച് ഏറ്റു വിളിച്ചു 'ഷാഫി പറമ്പിൽ'.! 2011 ൽ പാലക്കാട് നിയോജകമണ്ഡലം തിരിച്ചു പിടിക്കാൻ ആര് എന്ന ചോദ്യത്തിന് ഷാഫി പറമ്പിലെന്ന് മാത്രമായിരുന്നു ഉത്തരം. ജാതിക്കും മതത്തിനുമപ്പുറം ആബാലവൃദ്ധം ജനങ്ങളും ആ ചെറുപ്പക്കാരന്റെ പിന്നിൽ അണിനിരന്നു, മലയാളികൾ ആവേശത്തോടെയും,ആരാധനയോടെയും നോക്കി കണ്ടിരുന്ന പലരും പലകുറി തെരഞ്ഞെടുപ്പുകളിൽ ആ പോരാട്ട വീര്യത്തിനു മുന്നിൽ ഇടറി വീണു..
പാർട്ടി പ്രതിസന്ധിയിലാ യിരുന്ന കാലത്തെല്ലാം കേരളത്തിലുടനീളം ഓടിനടന്നു, ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തി കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റി. കേരളത്തിലെ ഏറ്റവും മികച്ച യുവജന നേതാവ് ആരെന്ന ചോദ്യത്തിന് യുവജനങ്ങൾക്കിടയിൽ ഏറ്റവും സ്വീകാര്യതയുള്ള പേരായി ആ പേര് മാറി. രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജീവൻ മരണ പോരാട്ടത്തിൽ പാർട്ടിയൊരു പുതിയ ഉത്തരവാദിത്വം ഏൽപ്പിച്ചു, സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും അപ്പുറം പാർട്ടിയെ മനസാ അംഗീകരിച്ചു.. ജനം ചേർത്ത് പിടിച്ചു, റെക്കോർഡ് ഭൂരിപക്ഷത്തോടെ വടകരയിൽ നിന്നും ഡൽഹിയിലേക്ക്..
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണ പ്രവർത്തനങ്ങളുടെ ചുക്കാൻ ഈ കൈകളിലായിരുന്നു.. ഓടിയെത്താത്ത മണ്ഡലങ്ങൾ ഇല്ല.. പ്രസംഗിച്ച വേദികൾക്ക് കണക്കുകളില്ല.. കയറിയിറങ്ങിയ വീടുകൾക്ക് എണ്ണമില്ല.. ആ വാക്കുകൾക്ക് ജനം കാതോർത്തു, പത്തുവർഷക്കാലത്തെ ഭരണത്തിന്റെ പോരായ്മകൾ ജനങ്ങളെ ബോധ്യപ്പെടുത്തി. ജനം അംഗീകരിച്ചു.. 102 സീറ്റുകളാണ് മലയാളികൾ ഐക്യ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ചത്. നാദാപുരം മണ്ഡലം ഉൾപ്പെടെ ആ നൂറ്റിരണ്ടോട് ചേർന്നു നിൽക്കുമ്പോൾ അതിൽ ഷാഫി പറമ്പിലിന്റെ പങ്ക് ചെറുതായിരുന്നില്ല. മത്സരിച്ച പൊതു തെരഞ്ഞെടുപ്പുകളിൽ എല്ലാം മിന്നുന്ന ജയം. ആ ജനപ്രീതിക്ക് മുമ്പിൽ ഇടറി വീണത് പ്രമുഖർ.
ഒരിക്കൽ താൻ വിജയിച്ച സീറ്റ് പിന്നീട് പാർട്ടിക്കെന്നും ജയിക്കാവുന്ന സീറ്റ് ആക്കി മാറ്റാൻ കഴിയുന്ന യുവനേതാവ്. എന്റെ പ്രസ്ഥാനത്തിന്റെ നേതാവെന്ന് ഏതൊരു പ്രവർത്തകനും ആരുടെ മുന്നിലും നെഞ്ചുയർത്തിപിടിച്ചു അഭിമാനത്തോടെ പറയാൻ കഴിയുന്ന, ഈ നാടിന്റെ സ്വപ്നതുല്യമായ ഭാവിക്ക് നേതൃത്വം കൊടുക്കാൻ കഴിയുന്ന ഒരു യുവ നേതാവ്. ചേർത്തുപിടിക്കുന്നുണ്ട് ഓരോ മലയാളിയും ഷാഫിയെന്ന യുവ നേതാവിനെ, ചേർത്തുപിടിക്കണം ഓരോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനും. വ്യക്തി താൽപര്യങ്ങൾക്കപ്പുറം പാർട്ടിക്കുവേണ്ടി നാടിനുവേണ്ടി സമൂഹത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യനെ മറന്നു പോകരുത് നാം.
ഈ നാട് പ്രതീക്ഷയോടുകൂടി ഏൽപ്പിച്ച 102 എന്ന നമ്പർ. പത്തുവർഷത്തെ ദുരിത കാലത്തിനപ്പുറം ഈ നാട് മുന്നേറ്റത്തിന്റെ പാതയിലാണ്.. വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി നമ്മെ സ്നേഹിച്ച, അംഗീകരിച്ച പൊതുജനത്തെ വെറുപ്പിക്കരുത്,പ്ലീസ്... ഇത് ഓരോ സാധാരണ പ്രവർത്തകന്റെയും മനസ്സിലുള്ള അപേക്ഷയാണ്..
നേരത്തേ സന്ദീപ് വാര്യര്‍ എംഎല്‍എയും ഷാഫിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കേരള രാഷ്ട്രീയത്തിൽ ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാക്കളിൽ പ്രമുഖൻ ആരെന്ന ചോദ്യത്തിന് പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് ഷാഫി പറമ്പിൽ എന്ന് സന്ദീപ് വാര്യര്‍ പറയുന്നു. വ്യക്തിപരമായി നോക്കുമ്പോൾ, കോൺഗ്രസിലേക്ക് കടന്നുവന്ന ആദ്യ ദിനം മുതൽ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ എന്നെ ചേർത്തുപിടിച്ച പ്രിയപ്പെട്ട സഹോദരനാണ് അദ്ദേഹമെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരള രാഷ്ട്രീയത്തിൽ ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാക്കളിൽ പ്രമുഖൻ ആരെന്ന ചോദ്യത്തിന് പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് ഷാഫി പറമ്പിൽ. വ്യക്തിപരമായി നോക്കുമ്പോൾ, കോൺഗ്രസിലേക്ക് കടന്നുവന്ന ആദ്യ ദിനം മുതൽ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ എന്നെ ചേർത്തുപിടിച്ച പ്രിയപ്പെട്ട സഹോദരനാണ് അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവിധ പിന്തുണയും നൽകി നിഴൽപോലെ അദ്ദേഹം കൂടെ നിന്നു. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഷാഫിയുടെ ഊർജ്ജസ്വലത എന്നും അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടിട്ടുള്ളത്. ഊണും ഉറക്കവുമില്ലാതെ, വിശ്രമമെന്തെന്നറിയാതെ കേരളത്തിലുടനീളം അദ്ദേഹം ഓടിനടന്നു. തൃക്കരിപ്പൂരിൽ നടന്ന ഷാഫിയുടെ റോഡ് ഷോ നീണ്ടുനിന്നത് നാലര മണിക്കൂറോളമാണ്. അക്ഷരാർത്ഥത്തിൽ ഒരു ജനസാഗരം തന്നെയാണ് അന്ന് അവിടെ ആർത്തിരമ്പിയത്. ഇന്ന് 102 സീറ്റുകളുടെ തിളക്കമാർന്ന വിജയവുമായി യുഡിഎഫ് കേരളം ഭരിക്കുമ്പോൾ, ആ ചരിത്രനേട്ടത്തിന് പിന്നിൽ ഷാഫി നടത്തിയ അക്ഷീണ പ്രയത്നത്തിന് വലിയൊരു പങ്കുണ്ട്. അധികാരത്തിനപ്പുറം സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഇത്രയേറെ സ്നേഹത്തോടെ സ്ഥാനം പിടിക്കുക എന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്; ഷാഫി പറമ്പിൽ എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതും ആ ജനകീയത തന്നെയാണ്.