മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്‍റെ പരാതിയെ പിന്തുണച്ച് കെ.സി.വേണുഗോപാല്‍ പക്ഷം. പാര്‍ട്ടിയിലെ പടലപിണക്കത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് വി.ഡി.സതീശൻ അനുകൂലികളുടെ നിലപാട്. എഐസിസി വിശദീകരണം ചോദിച്ചാൽ മാത്രം മറുപടി നല്‍കാനാണ് തീരുമാനം.

പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലെന്ന എ ഗ്രൂപ്പ് നിലപാടിന് പിന്തുണ പ്രഖ്യാപിക്കുകയാണ് കെ.സി പക്ഷം. സംസ്‌ഥാന കോൺഗ്രസിലെ കലഹം ഹൈക്കമാൻഡിന്‍റെ മുമ്പിൽ എ ഗ്രൂപ്പ് എത്തിച്ചതിനു പിന്നാലെയാണ് കെ.സി പക്ഷത്തിന്‍റെ പിന്തുണ. കടുത്ത അവഗണനയെന്ന എ ഗ്രൂപ്പിന്‍റെ പരാതി ഗൗരവമേറിയതാണെന്ന് കെ.സി പക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാൽ  മുന്നിൽ എ ഗ്രൂപ്പാണെങ്കിലും അണിയറയിൽ കെ.സി പക്ഷമാണ് ചരടുവലിക്കുന്നതെന്നാണ് വി.ഡി.സതീശനൊപ്പമുള്ളവർ കരുതുന്നത്.

എന്നാല്‍ ഇതില്‍ മുഖ്യമന്ത്രി ഇതുവരെ പരസ്യ പ്രതികരണo നടത്തിയിട്ടില്ല. കേരളത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ എതിർ വിഭാഗം ശ്രമിക്കുന്നുവെന്നാണ് വി.ഡി പക്ഷം ആരോപിക്കുന്നത്. പരാതി പറഞ്ഞ് കാര്യങ്ങൾ കൂടുതൽ വഷളാക്കേണ്ടെന്നാണ് തീരുമാനം. എഐസിസി ചോദിച്ചാൽ മാത്രം മറുപടി നല്കും.

അതേസമയം എഐസിസി, ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ വിശ്വാസത്തിലെടുക്കില്ല. ഇത്രയും നാൾ കെ.സിക്ക് ഒപ്പം നിന്ന പലരും എ  ഗ്രൂപ്പിന്റെ കീഴിൽ പ്രതികരിക്കുന്നത് വി.ഡി ക്യാoപ് നിഷ്കളങ്കമായി കാണുന്നുമില്ല. കോൺഗ്രസിലെ പ്രധാന ഗ്രൂപ്പുകൾ മുഖ്യമന്ത്രിക്ക് എതിരാണെന്ന് വരുത്തി തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും വി.ഡി ക്യാംപ്  കണക്കുകൂട്ടുന്നുണ്ട്. കേരളത്തിലെ പാർട്ടി പോരിൽ ഇനി എഐസിസിയുടെ ഇടപെടൽ  ഉണ്ടാകുമോ എന്നതാണ് ആകാംക്ഷ.

ENGLISH SUMMARY:

According to reports on the internal dynamics of the Kerala Congress, the K.C. Venugopal faction has extended its support to the A group’s complaint to the AICC high command against the Chief Minister over alleged neglect and lack of coordination between the party and the government. In response, leaders aligned with V.D. Satheesan stated that they will adopt a firm stance without compromising and will provide an explanation only if formally asked by the AICC.