പയ്യന്നൂരിൽ സഹകരണ വാരാഘോഷത്തിനിടെ വി കുഞ്ഞികൃഷ്ണൻ എംഎൽഎയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും . തന്നെ വരാഘോഷ പരിപാടിയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചതിന് കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ കുഞ്ഞികൃഷ്ണൻ പരാമർശിച്ചതോടെ സിപിഎം പ്രവർത്തകർ ബഹളം വയ്ക്കുകയായിരുന്നു. എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിനെ സിപിഎമ്മുകാർ ആക്രമിച്ചു എന്ന് വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
തളിപ്പറമ്പ് സർക്കിൾ സഹകരണ വാരാഘോഷമാണ് പയ്യന്നൂരിൽ നടന്നത്. പരിപാടിയിൽ എംഎൽഎയെ ഒഴിവാക്കി സിപിഎം നേതാവായ നഗരസഭ ചെയർപേഴ്സനെ ഉദ്ഘാടകനായി തീരുമാനിച്ചത് സഹകരണ വകുപ്പ് ഇടപെട്ട് മാറ്റുകയും എംഎൽഎ ഉദ്ഘാടകൻ ആക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിൽ ഇതിനെക്കുറിച്ച് എംഎൽഎ പരാമർശിച്ചതോടെ സിപിഎമ്മുകാർ ബഹളം വെച്ച് പ്രസംഗം തടസ്സപ്പെടുത്തി.
എൽസി അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രസന്നനെ മർദ്ദിച്ചതെന്ന് കുഞ്ഞികൃഷ്ണൻ . താൻ എംഎൽഎ ആണെന്ന് സിപിഎമ്മിന് ഇതുവരെ അംഗീകരിക്കാൻ ആയിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.സിപിഎം നിലപാടിൽ പ്രതിഷേധിച്ച് ഓഡിറ്റോറിയത്തിന് പുറത്ത് എംഎൽഎയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.
പേഴ്സണൽ സ്റ്റാഫിനെ മർദ്ദിച്ചതിന് പോലീസ് ശക്തമായി നടപടിയെടുത്തില്ലെങ്കിൽ പയ്യന്നൂർ സ്റ്റേഷന് മുൻപിൽ പ്രതിഷേധിക്കുമെന്നാണ് മുന്നറിയിപ്പ്.