ലോക് ഭവൻ ജീവനക്കാർ ഹിന്ദി പഠിക്കാൻ ഒരുങ്ങുന്നു. പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ആശയ വിനിമയത്തിന് ഹിന്ദി മാത്രം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഹിന്ദി പഠനം അനിവാര്യമായിരിക്കുന്നത്.
കടുകട്ടി ഹിന്ദിയിലാണ് ഗവർണർ ഓംപ്രകാശ് മാഥുർ സംസാരിച്ചത്. കേട്ടിരുന്നവരിൽ ഭൂരിപക്ഷത്തിനും പ്രസംഗം മനസിലാക്കാനായില്ല. ഗവർണർ മാതൃഭാഷയായ ഹിന്ദിയിലാണ് ആശയവിനിമയം നടത്തുന്നത്. അതിനാൽ ലോക് ഭവൻ ജീവനക്കാർക്ക് ഹിന്ദി ഭാഷയിലുള്ള അറിവ് അത്യാവശ്യമായി മാറിയിരിക്കുകയാണ്. ഇതിന് മുൻപ് ഗവർണർമാരായിരുന്ന ആരിഫ് മുഹമ്മദ് ഖാനും രാജേന്ദ്ര ആർലേക്കറും ഹിന്ദിയെക്കാൾ കൂടുതൽ ഇംഗ്ളീഷ് ഉപയോഗിച്ചിരുന്നു. മലയാളത്തിൽ അത്യാവശ്യം ആശയവിനിമയത്തിനും അവർ ശ്രമിച്ചിരുന്നു.
ലോക് ഭവൻ ജീവനക്കാർ സ്വന്തം നിലക്ക് ഹിന്ദി പഠിക്കുമോ അതോ ഹിന്ദി ക്ളാസുകളോ പരിശീലനമോ അവർക്കായി സർക്കാരോ ലോക് ഭവനോ ഏർപ്പാടാക്കുമോ എന്നാണ് ഇനി കാണേണ്ടത്.