സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികള്‍ പരിഗണിക്കാന്‍ സി.പി.എമ്മില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍. പരാതികള്‍ ഇനി പാര്‍ട്ടി കമ്മറ്റികളില്‍ ചര്‍ച്ച ചെയ്യില്ല. പരാതികള്‍ മാധ്യങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് ജില്ലാ, സംസ്ഥാന തലങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ സജീവമാക്കുന്നത്. 

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ തീരുമാനപ്രകാരം കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നേരത്തെ സി.പി.എം രൂപീകരിച്ചിരുന്നു. ടി.എന്‍ സീമയാണ് സംസ്ഥാന സെല്ലിന്‍റെ അധ്യക്ഷ. എം വിജയകുമാര്‍, എന്‍ ചന്ദ്രന്‍, പി.കെ സൈനബ എന്നിവരെ ഉള്‍പ്പെടുത്തി സമതിയെ വിപുലീകരിച്ചു. ജില്ലാ തലങ്ങളിലും സമാനമായ സെല്ലുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

ഇനി പാര്‍ട്ടി അംഗങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരായ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പരാതികള്‍ പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചക്ക് വരില്ല. പരാതി പരിഹാര സെല്ലുകള്‍ പരാതികള്‍ പരിശോധിച്ച് തീരുമാനമെടുത്ത് അതാത് ഘടകങ്ങളെ അറിയിക്കുകയാണ് ചെയ്യുക. എരിയ തലം മുതല്‍ താഴേക്കുള്ള ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഉയരുന്ന പരാതികള്‍ ജില്ലാ തലത്തിലുള്ള സെല്ലുകള്‍ പരിശോധിക്കും. ജില്ലാ നേതാക്കള്‍ക്കെതിരായ പരാതികള്‍ സംസ്ഥാന തലത്തിലുള്ള സെല്ലും, സംസ്ഥാന നേതാക്കള്‍ക്കെതിരായ പരാതികള്‍ കേന്ദ്ര സെല്ലുമാണ് പരിശോധിക്കുക. പാര്‍ട്ടിക്ക് ലഭിക്കുന്ന പരാതികള്‍ ഘടകങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിക്കുകയാണ്. ഇത് പ്രതിരോധത്തിലാക്കുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ കൂടിയാണ് ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ പരാതികള്‍ പരിഗണിച്ചാല്‍ മതിയെന്ന തീരുമാനം. ആഭ്യന്തര പരാതി പരിഹാര സെല്‍ എടുക്കുന്ന തീരുമാനം പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമെങ്കിലും പൊതുജനങ്ങളെ അറിയിക്കില്ല. അതിന്‍റെ ആവശ്യമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കഴിഞ്‍ ദിവസം പറഞ്ഞത്. 

CPIM Forms Internal Complaint Cells to Address Women Harassment: