പിണറായി വിജയൻ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് കേസിൽ സർക്കാർ നിലപാടിനെതിരെ കോൺഗ്രസിൽ നിന്ന് വിമർശനം ഉയരുന്നതിനിടെ വീണ്ടും നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. സർക്കാർ സമയമെടുത്ത് കാര്യങ്ങൾ ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ ഒരുകാരണവശാലും നീതി നടപ്പാകാതെ പോകരുതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില് പങ്കുവച്ച വിഡിയോയില് പറഞ്ഞു.
ഒൻപതു വർഷം തന്റെ പിതാവിനെ വേട്ടയാടിയവർ അവരുടെ മനസ്സാക്ഷിയോട് തന്നെ ചോദിക്കട്ടെ. അതിന്റെ ഉത്തരം എന്നത് മറ്റൊരാളെ വേട്ടയാടിക്കൊണ്ടാകരുത്. എല്ലാം നിയമത്തിന്റെ വഴിക്ക് പോകട്ടെ. അല്ലെങ്കിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ വ്യത്യാസമില്ലാതെ വരുമെന്നും ചാണ്ടി ഉമ്മന് പറഞ്ഞു. തന്റെ പിതാവിനെതിരെ അന്വേഷണം നടത്തിയത് കേരളത്തിൽ കേട്ട് കേൾവി പോലും ഇല്ലാത്ത ജുഡീഷ്യൽ കമ്മിഷൻ ആയിരുന്നുവെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു.
ചാണ്ടി ഉമ്മന്റെ വാക്കുകള്: ‘എല്ലാവർക്കും നമസ്കാരം. കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന ഒരു ചർച്ചയ്ക്ക് ഒരു പര്യവസാനം ഉണ്ടാവണം എന്നുള്ളതാണ് എന്റെ ആഗ്രഹം. തീർച്ചയായിട്ടും നിങ്ങൾക്ക് പലർക്കും വിഷമമുണ്ട്. പലരും എന്നോട് മെസേജ് അയച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്.
തീർച്ചയായിട്ടും എന്റെ പിതാവിനോട് കാണിച്ചത് തികച്ചും അന്യായമായിട്ടുള്ള ഒരു കാര്യമാണെന്ന് നിസംശയം പറയാൻ സാധിക്കും. അതും ഒന്ന് രണ്ട് വർഷമല്ല, 2004-ൽ അദ്ദേഹത്തെ ഇതേപോലെ ഒരു ആരോപണത്തിൽ കുടുക്കാൻ ശ്രമിച്ചു. അതിനുശേഷം 2011-ൽ ഇതേ കാര്യം വീണ്ടും ആ സർക്കാർ വന്നപ്പോള്... അദ്ദേഹത്തിന് യുഎന് അവാര്ഡ് കിട്ടിയ നിമിഷം മുതൽ അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങിയതാണ്. ഒമ്പത് വർഷക്കാലം നീണ്ടുനിന്നു.
തീർച്ചയായിട്ടും അത് ചെയ്തവർ അവരുടെ മനസ്സാക്ഷിയോട് തന്നെ ചോദിക്കട്ടെ. പക്ഷേ, അതിന്റെ ഉത്തരം മറ്റൊരാളെ വേട്ടയാടി കൊണ്ടല്ല എന്നുള്ളത് തന്നെയാണ് എന്റെ ഉറച്ച തീരുമാനം. സർക്കാർ സമയമെടുത്ത് ചില കാര്യങ്ങൾ ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല എന്ന് ഞാൻ പറയും. കാരണം സർക്കാരിന്റെ സമയത്ത്, നീതിയുടെ സമയത്ത് ആ നീതി നടപ്പിലാക്കപ്പെടണം. തീർച്ചയായിട്ടും ആ ഒരു തലത്തിൽ മാത്രം നമ്മൾ ഇതിനെ കണ്ടാൽ മതി എന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷേ ഒരു കാരണവശാലും നീതി നടപ്പിലാകാതെ പോകരുത്. അത് വളരെ വ്യക്തമായിട്ടുള്ള കാര്യമാണ്.
ഇവിടെ പലരുടെയും വികാരം നീതി നടപ്പിലാകണം എന്നുള്ള ഉദ്ദേശം തന്നെയാണ്. എന്റെ പിതാവിന്റെ സാഹചര്യവുമായി താരതമ്യം ചെയ്യുന്നമ്പോള് അന്ന് ഒരു അനാവശ്യ തിടുക്കം അതിനകത്ത് കാണാം. അതായത് ഒരു പേപ്പറില് എഴുതിയ പരാതിയുടെ പുറത്താണ് സിബിഐക്ക് വിടുന്നത്. അതിനുമുമ്പ് ജുഡീഷ്യല് കമ്മിഷന് വച്ചു. അതും കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമുള്ള ഒരു ജുഡീഷ്യല് കമ്മീഷന്. ഇരുണ്ട ലിപികളിൽ എഴുതപ്പെടേണ്ട ഒരു ജുഡീഷ്യല് കമ്മീഷന്. അതിനുശേഷമാണ് സിബിഐ അന്വേഷണം വരുന്നത്.
അന്യായമായി വേട്ടയാടപ്പെടുന്ന, ഒരു അനാവശ്യ തിടുക്കം അവിടെ കണ്ടെങ്കിൽ, ഈ സാഹചര്യത്തിൽ യുഡിഎഫ് ഭരിക്കുമ്പോൾ അനാവശ്യ തിടുക്കം കാണിക്കേണ്ട കാര്യമില്ല. നിയമത്തിന്റെ വഴിക്ക് അത് പോകട്ടെ എന്നുള്ളത് നമ്മുടെ എല്ലാം അഭിപ്രായമാണ്. തീർച്ചയായിട്ടും അങ്ങനെ മാത്രമേ പോകാൻ പാടുള്ളൂ. അല്ലെങ്കിൽ യുഡിഎഫും എല്ഡിഎഫും തമ്മിൽ വ്യത്യാസമില്ലാതെ വരും.
ഞാൻ നേരത്തെ ഒരു അഭിമുഖത്തില് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി എന്താണ്? മനുഷ്യത്വമാണ് ആ വ്യത്യാസം. യുഡിഎഫ് എപ്പോഴും ഒരു മനുഷ്യത്വപരമായ സമീപനമാണ് എടുക്കുന്നത്. തീർച്ചയായിട്ടും ഈ കാര്യത്തിലും അങ്ങനെതന്നെ എടുത്താൽ മതി എന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.