govindan-pinarayi

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി സമന്‍സ് നല്‍കിയതിനെ പ്രതിരോധിച്ച് സിപിഎം. കേസിനെ  രാഷ്ട്രീയമായി നേരിടുമെന്ന് നേതൃത്വം അറിയിച്ചു. ഇ.ഡിയുടെ ലക്ഷ്യം പിണറായി വിജയനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദന്‍ പറഞ്ഞു. പിണറായി എന്നാല്‍ പാര്‍ട്ടിയാണ്. പാര്‍ട്ടിയെ തകര്‍ക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം. പിണറായിയുടെ വീടിന്റെ ഭിത്തിയില്‍ നോട്ടീസ് പതിച്ചത് രാഷ്ട്രീയ നാടകമെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ഡല്‍ഹി പ്രതിഷേധത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു പിണറായിയുടെ വീടിന്റെ ഭിത്തിയില്‍ നോട്ടിസ് പതിച്ചത് അന്യായമാണെന്നും ഇ.ഡി. അത് ചെയ്യുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നും സിപിഎം നേതാവ് വി.ശിവന്‍കുട്ടി പ്രതികരിച്ചു

Also read: പിണറായി വിജയന്റെ വീട്ടിലെത്തി ഇ.ഡി; സമൻസ് ഭിത്തിയിൽ പതിച്ചു

പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന് പറഞ്ഞാണ് സിപിഎം ജനറല്‍സെക്രട്ടറി എം.എ ബേബി ഇ.ഡി നടപടിയെ വിശേഷിപ്പിച്ചത്.  നേരിടാനും മറികടക്കാനും കഴിയും. കെട്ടിച്ചമച്ച  ആരോപണങ്ങളെ അഭിമുഖീകരിച്ച നേതാവാണ് പിണറായി എന്നും ബേബി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്യാനുള്ള തീരുമാനം മാത്രമല്ല, അതിനുള്ള സമന്‍സ്  വീട്ടില്‍ പതിപ്പിച്ചതും അസാധാരണ നടപടിയായാണ് സി.പി.എം കാണുന്നത്. 

മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസ് പിണറായി വിജയനിലേക്ക് തിരിഞ്ഞാല്‍ അതിനെ എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്നാണ് സി.പി.എമ്മിന്‍റെ പ്രഖ്യാപിത നിലപാട്. പിണറായി വീടുകളില്‍ പരിശോധനക്കായി ഇ.ഡി കയറിയപ്പോള്‍ ആ പ്രതിരോധത്തിന്‍റെ സാമ്പിള്‍ കണ്ടതാണ്. പിണറായിയെ പ്രതിയാക്കി കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കുകയും അതില്‍ ചോദ്യം ചെയ്യാനായി സമന്‍സ് നല്‍കുകയും ചെയ്യുന്നതോടെ ആ രാഷ്ട്രീയ പ്രതിരോധം കൂടുതല്‍ ശക്തമായ തലത്തിലേക്ക് ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. മകളുടെ പണമിടപാടില്‍, യാതൊരു തെളിവുമില്ലാതെ പിണറായിയെ പ്രതിയാക്കിയതും, തൊട്ട് പിന്നാലെ ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയതും ആ സമന്‍സ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വീടിന്‍റെ ചുമരില്‍ പതിപ്പിച്ചതുമൊക്കെ അസാധാരണ നടപടിയായാണ് സി.പി.എം കാണുന്നത്. 

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചുള്ള നീക്കമായാണ് ഇ.ഡിയുടെ നടപടി സി.പി.എം കേന്ദ്ര നേതൃത്വവും കാണുന്നത്. വീടിന്‍റ ചുമരല്‍ സമന്‍സ് ഒട്ടിക്കാന്‍ പിണറായി നാട് വിട്ടുപോയോ എന്ന് വി ശിവന്‍കുട്ടി ചോദിക്കുന്നു. ഈ പ്രതികരണങ്ങളെല്ലാം സൂചിപ്പിക്കുന്നത്,  ഇ.ഡിക്കെതിരെ വലിയ രാഷ്ട്രീയ പ്രതിരോധത്തിന് സി.പി.എം ഒരുങ്ങുന്നു എന്നതാണ്. 

അസാധാരണ നീക്കവുമായി ഇ.ഡി

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അസാധാരണ നീക്കവുമായി ഇ.ഡി. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥര്‍  ചോദ്യം ചെയ്യലിന് ഹാജരാകാനുളള നോട്ടീസ് പതിപ്പിച്ച് മടങ്ങി. അടുത്ത വെള്ളിയാഴ്ച സാമ്പത്തിക രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡിയുടെ ഉന്നതതല സംഘമെത്തും. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി പിണറായി ഹാജരായേക്കില്ല. 

പിണറായി വിജനെതിരെ മിന്നല്‍ വേഗത്തില്‍  കരുക്കള്‍ നീക്കുകയാണ് ഇ ഡി . റെയ്ഡിന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ആക്രമിക്കപ്പെട്ട അതേ ബേക്കറി ജംങ്ഷനിലെ സ്വകാര്യ വസതിയില്‍ സമന്‍സ് പതിപ്പിച്ചാണ് ഇ ഡി യുടെ അപൂര്‍വ നീക്കം. രാവിലെ ഒന്‍പതരയോടെ ഇ ഡി ഉദോഗസ്ഥര്‍ ആദ്യം വീട്ടിലെത്തി. പിണറായി വിജയന്‍ സ്ഥലത്തുണ്ടായിരുന്നില്ല. സമന്‍സ് കൈപ്പറ്റാന്‍ കുടുംബാഗങ്ങളും സഹായികളും വിസമ്മതിച്ചതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി. വീണ്ടും പതിനൊന്നരയോടെ എത്തിയ ഇ ഡി സംഘം സമന്‍സ് വീട്ടില്‍ പതിപ്പിക്കുകയാണെന്നും സാക്ഷികളായി ഒപ്പിടണമെന്നും അറിയിച്ചെങ്കിലും വീട്ടിലുളളവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പന്ത്രണ്ടേമുക്കാലോടെ നാടകീയമായി  മ്യൂസിയം പൊലീസിനേയും കൂട്ടിയെത്തിയ ഇ ഡി ഉദ്യോഗസ്ഥര്‍ അവരെ സാക്ഷികളാക്കി ചുവരില്‍ നോട്ടീസ് പതിപ്പിച്ചു. സാധാരണ തപാലില്‍ അയയ്ക്കുന്ന നോട്ടീസ് നേരിട്ടെത്തി ചുവരിലൊട്ടിച്ച് പിണറായിക്കെതിരെ  കുരുക്ക് മുറുക്കി  ഇഡി

പിന്നാലെ  വി ശിവന്‍കുട്ടി , വി ജോയ് , കടകം പളളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പിണറായിയുടെ വീട്ടിലേക്കെത്തി. നോട്ടീസിലെ വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചു. ഇതിനിടെ ഇഡിയുടെ ചൈന്നൈയിലെ സ്പെഷല്‍ ഡയറക്ടറും ഡല്‍ഹി ആസ്ഥാനത്തു നിന്നുളള മുതിര്‍ന്ന ഉദ്യോഗസ്ഥരും പിണറായിയെ ചോദ്യം ചെയ്യാനെത്തുമെന്നാണ് വിവരം.  എന്നാല്‍ ഇ ഡി നോട്ടീസ് നല്കിയ 23 ന് പിണറായി ഹാജരായേക്കില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവിന്‍റെ ചുമതലകള്‍ നിര്‍വഹിക്കാനുണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥരെ അറിയിക്കും. 

സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന വിവരവും ധരിപ്പിക്കും. അങ്ങനെയെങ്കില്‍ മറ്റൊരു ദിവസം ഹാജരാകാന്‍ ഇ ഡി നിര്‍ദേശിക്കും. അതേ സമയം ഹവാലക്കേസുമായി ബന്ധപ്പെട്ട്  മുന്‍മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉടന്‍ സമന്‍സ് അയയ്ക്കില്ലെന്നാണ് സൂചന. ആദ്യം പിണറായി , പിന്നെ റിയാസ് എന്നതായിക്കും ഇ ഡി യുടെ തന്ത്രം. രാഷ്രീയ വേട്ടയെന്ന് പ്രതിരോധിക്കാന്‍ സിപിഎമ്മും തുനിഞ്ഞിറങ്ങും. 

ENGLISH SUMMARY:

Pinarayi Vijayan ED notice has sparked intense political confrontation as the CPM denounces the Enforcement Directorate's summons as a politically motivated drama orchestrated by the central government. The ruling and opposition dynamics in Kerala intensify further as party leaders unite to strongly defend the leadership against these unexpected investigative actions.