• കേരള സർക്കാരിന്റെ ഡെൽഹി പ്രത്യേക പ്രതിനിധിയായിരുന്ന കെ.വി. തോമസിന്റെ 39 മാസത്തെ പ്രവർത്തനങ്ങൾക്കായി ഖജനാവിൽ നിന്ന് ചെലവഴിച്ചത് 1,18,71,758 രൂപ.

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് കോണ്‍ഗ്രസിനോട് പിണങ്ങി ഇടതുപക്ഷത്തോട് കൂട്ടുചേര്‍ന്ന പ്രമുഖ രാഷ്ട്രീയക്കാരില്‍ ഒരാളാണ് കെ.വി.തോമസ്. അതിനുള്ള അംഗീകാരമെന്ന നിലയില്‍ കെ.വി.തോമസിനെ അദേഹത്തിന്‍റെ ഇഷ്ടതട്ടകമായ ഡല്‍ഹിയില്‍ പിണറായി സര്‍ക്കാര്‍ പദവിയും നല്‍കിയിരുന്നു. കേരള സര്‍ക്കാരിന്‍റെ ഡെല്‍ഹി പ്രതിനിധിയെന്ന പദവിയിലായിരുന്നു നിയമനം. 2023 ജനുവരി 20ന് നിയമിതനായ അദേഹം 2026 മെയ് 4 വരെ ആ പദവിയില്‍ തുടര്‍ന്നു.

39 മാസക്കാലം അദേഹത്തെ നിയമിച്ചപ്പോള്‍ സര്‍ക്കാരിനുണ്ടായ ആകെ ചെലവിന്‍റെ കണക്കാണ് പുറത്തുവരുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപയുടെ അലവന്‍സിലായിരുന്നു അദേഹത്തിന്‍റെ നിയമനം. ആ ഇനത്തില്‍ മാത്രം അദേഹത്തിന് ലഭിച്ചത് 39, 51,613 രൂപയാണ്. ഇതുകൂടാതെ ഔദ്യോഗിക വാഹനത്തില്‍ ഇന്ധനമടിക്കാനും സര്‍ക്കാര്‍ പണം നല്‍കി. ആ വകയില്‍ ചെലവായത് 2,20,429 രൂപ. 

ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായതുകൊണ്ട് തന്നെ അതിഥികള്‍ കാണാന്‍ വരുന്നത് സ്വാഭാവികമാണ്. അതിഥി സല്‍ക്കാരത്തിന്‍റെ ചെലവ് 1,59,459 രൂപ. 39 മാസവും അദേഹത്തിന്‍റെ വിമാനയാത്രക്കും ട്രെയിന്‍ യാത്രക്കുമൊക്കെ ടിക്കറ്റെടുത്ത പണവും പോയത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. യാത്രകളുടെ ടിക്കറ്റ് ചെലവ് മാത്രം 13,04,854 രൂപ.

 

ഇദേഹത്തിന് അഞ്ച് പഴ്സനല്‍ സ്റ്റാഫുമുണ്ടായിരുന്നു. അവരുടെ ശമ്പളവും  ആനുകൂല്യങ്ങളുമൊക്കെയായി നല്‍കിയത് 61,96,403 രൂപ‌‌‌. അങ്ങനെ കെ.വി.തോമസ് എന്ന ഒറ്റയാളുടെ നിയമനത്തിന്‍റെ 39 മാസത്തെ ചെലവ് നോക്കിയാല്‍ 1,18,71,758(ഒരു കോടി പതിനെ‍ട്ട് ലക്ഷത്തി എഴുപത്തിയോരായിരത്തി എഴുന്നൂറ്റ് അന്‍പത്തിയെട്ട് രൂപ)

സര്‍ക്കാര്‍ നിയമസഭയിലാണ് ഈ കണക്കുവെച്ചത്. ആ കണക്കിനൊപ്പം ഒരു ചോദ്യം കൂടി സര്‍ക്കാരിനോടുണ്ടായിരുന്നു. കെ.വി.തോമസിനെ നിയമിച്ചതുകൊണ്ട് സര്‍ക്കാരിനുണ്ടായ നേട്ടങ്ങള്‍ എന്താണെന്ന്. ഉത്തരമായി പറയുന്നത് നേട്ടങ്ങള്‍ എന്താണെന്ന് പരിശോധിച്ചുവരുകയാണ്. അതായത് എടുത്തുപറയാവുന്ന നേട്ടങ്ങള്‍ സര്‍ക്കാര്‍ പെട്ടന്ന് ഓര്‍ക്കുന്നില്ലെന്ന് ചുരുക്കം. 

എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നിയമനമായിരുന്നു കെ.വി.തോമസിന്‍റേത്. അത് അനാവശ്യമെന്ന് നിലപാടെടുത്തിരുന്ന യു.ഡി.എഫ് സര്‍ക്കാരാണ് ഒരു കോടിയിലേറെ ചെലവാക്കിയിട്ടും സംസ്ഥാനത്തിന് പ്രയോജനം എന്തെങ്കിലും ലഭിച്ചോയെന്ന സംശയം നിയമസഭയില്‍ രേഖാമൂലം അറിയിക്കുന്നത്. എന്നാല്‍ ഇതേ യു.ഡി.എഫ് സര്‍ക്കാര്‍, ഇതേ പദവിയിലേക്ക് ഫോര്‍വേഡ് ബ്ളോക് നേതാവ് ജി.ദേവരാജനെ നിയമിച്ചിട്ടുണ്ട്. പണം പാഴാകാവുന്ന നിയമനത്തിന് പിന്നെ എന്തിനാണ് ഈ നിയമനമെന്നതാണ് ചോദ്യം. 

ENGLISH SUMMARY:

K.V. Thomas served as the Kerala government's special representative in Delhi for 39 months, incurring a total expenditure of over 1.18 crore rupees from the state exchequer. According to official data presented in the assembly, the expenses included monthly allowances, travel tickets, fuel costs, guest hospitality, and salaries for five personal staff members. When questioned about the tangible benefits of the appointment to the state, the government stated that the outcomes are currently under review. The massive expenditure has sparked political discussions as the opposition questioned the utility of the high-profile position.