സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ രാജി ആവശ്യപ്പെട്ട് പോസ്റ്റിട്ട് പുലിവാലു പിടിച്ച ഡിജിറ്റൽ മീഡിയ സെല്ലിനെ വരുതിയിൽ നിർത്താൻ കെപിസിസി. വിവാദ പോസ്റ്റിന് പിന്നാലെ കെപിസിസിയുടെ എക്സ് ഹാൻഡിൽ കൈകാര്യം ചെയ്തിരുന്ന ടീമിനെയാകെ ചുമതലകളിൽ നിന്ന് മാറ്റി. നേതൃത്വവുമായി ആലോചിക്കാതെ ഇനിമുതൽ നിലപാട് എടുക്കരുതെന്നാണ് കർശന നിർദ്ദേശം.
കെപിസിസിക്ക് എന്നും തലവേദനയാണ് ഡിജിറ്റൽ മീഡിയ സെൽ. കാശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തിൽ ബിജെപി അനുകൂല നിലപാട് എടുത്തും, കങ്കണാ റണൗട്ടിനെ പിന്തുണയ്ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന പരിഹാസ പോസ്റ്റിട്ടും, ബിഹാർ തെരഞ്ഞെടുപ്പ് വേളയിൽ ബിഹാർ ബീഡി പരാമർശം നടത്തിയും നേതൃത്വത്തെ വെട്ടിലാക്കിയ ഡിജിറ്റൽ മീഡിയ സെല്ലിന്റെ ഒടുവിലത്തെ പതിപ്പായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജി ആവശ്യപ്പെടൽ. ക്രമസമാധാനപാലനം തൻറെ പരിധിയിൽ വരുന്ന വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം പങ്കുവെച്ചു കൊണ്ടായിരുന്നു വിവാദ പോസ്റ്റ്.
Also read: ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്: ഉത്തരവാദിയായ വ്യക്തിയെ നീക്കി കോണ്‍ഗ്രസ്
ക്രമസമാധാനം തന്റെ പരിധിയിൽ അല്ലെങ്കിൽ രാജിവച്ചു പുറത്തു പോകൂ എന്നായിരുന്നു പോസ്റ്റ്. ഇക്കാര്യത്തിൽ എഐസിസി കടുത്ത അതൃപ്ത്തി രേഖപ്പെടുത്തിയതോടെ, പോസ്റ്റിൽ പിന്നിൽ പ്രവർത്തിച്ച വിജയ് തോട്ടത്തിലിനെയും സുഭാഷ് ബാബുവിനെയും മാറ്റിനിർത്താൻ കെപിസിസി തീരുമാനിച്ചു. പിന്നാലെ എക്‌സ് ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്ന മുഴുവൻ പേരെയും മാറ്റി. പുതിയ ടീമിനെ വൈകാതെ തിരഞ്ഞെടുക്കും. അതേസമയം ഡിജിറ്റൽ മീഡിയ സെലിൻ്റെ തലപ്പത്തേക്ക് വരാനും കോൺഗ്രസ് നേതാക്കൾ മടിക്കുകയാണ്. അനില്‍ ആൻറണിയും പി. സരിനും പാർട്ടി വിട്ട ശേഷം വി ടി ബലറാമിനായിരുന്നു സെല്ലിന്റെ ചുമതല.
വിവാദ ബീഹാർ ബീഡി പോസ്റ്റോടെ ബൽറാം ചുമതലൊഴിഞ്ഞപ്പോൾ ഹൈബി ഈഡനെയാണ് പാർട്ടി പകരക്കാരനാക്കിയത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സെല്ലിനെ തലയിൽ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഹൈബിയും നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. തലപ്പത്തിരുന്നവർക്കെല്ലാം തലവേദനയായ ഡിജിറ്റൽ മീഡിയ സെൽ ഇനി ആര് ഏറ്റെടുക്കും എന്നതും കൗതുകമാണ്.