തിരുവനന്തപുരം കോർപ്പറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ പോര് തുടർന്ന് ബിജെപിയും എൽഡിഎഫും. സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് കാട്ടി മേയർ പൊലീസിന് പരാതി നൽകി. പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്നായിരുന്നു എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിന്‍റെ മറുപടി. കോർപ്പറേഷനിലെത്തിയ മേയറെ എൽഡിഎഫ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.
കോർപ്പറേഷൻ റജിസ്റ്ററിൽ സുഗതന്‍റെ ഒപ്പ് വ്യാജമായി ഇട്ടെന്ന കേസിൽ പ്രതിയായ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട എൽഡിഎഫ് പ്രതിഷേധങ്ങളോടെയാണ് കോർപ്പറേഷനിലെ ഇന്നത്തെ പോരിന്‍റെ തുടക്കം. പ്രതിഷേധക്കാർക്ക് നടുവിലൂടെ മേയറെത്തിയപ്പോൾ എൽഡിഎഫ് ഗോ ബാക്ക് വിളിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിൽ പ്രതിപക്ഷ അംഗങ്ങൾ വ്യാജമായി ഒപ്പു ചേർത്തെന്ന പരാതി നൽകി എസ് പി ദീപക് നൽകിയ വ്യാജ ഒപ്പ് പരാതിക്ക് മേയർ ചെക്ക് വച്ചു. ദീപക് ഉൾപ്പെടെ 10 പ്രതിപക്ഷ കൗൺസിലർമാർ വ്യാജ ഒപ്പിട്ടെന്നാണ് മ്യൂസിയം പൊലീസിന് മേയർ നൽകിയ പരാതി.
എന്നാൽ ഒപ്പ് തന്‍റേത് തന്നെയാണെന്നും പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ആരോപണമെന്നും ദീപക് തിരിച്ചടിച്ചു. സുഗതന്‍റെ ഒപ്പ് വ്യാജമായി ചേർത്തെന്ന പരാതിയിൽ ഉറച്ചുനിന്ന് ബിജെപി ഭരണസമിതിക്കെതിരെ വരുംദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് എൽഡിഎഫിന്‍റെ തീരുമാനം. അതേസമയം ദീപക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ തന്നെ ഉണ്ടായിരുന്ന സുഗതന്‍റെ ചിത്രങ്ങൾ ആയുധമാക്കി സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നെന്ന് തെളിയിക്കാനാണ് ബിജെപിയുടെ ശ്രമം.