cjp-sir

പിണറായി സര്‍ക്കാരിന്‍റെ തോല്‍വിക്ക് കാരണം എസ്.ഐ.ആറെന്ന സി.ജെ.പി പ്രതികരണം ഏറ്റെടുത്ത് സി.പി.എം നേതാക്കള്‍. എസ്.ഐ.ആര്‍ ഫലത്തെ ബാധിച്ചെന്ന് സിപിഎം നേതാക്കളായ കെ.എന്‍.ബാലഗോപാലും പി.രാജീവും എം.വി.ജയരാജനും പറഞ്ഞു. എന്നാല്‍ എസ്.ഐ.ആറാണ് പരാജയകാരണമെന്ന് പറയുന്നില്ലെന്നായിരുന്നു കെ.കെ.ശൈലജയുടെ പ്രതികരണം. സി.ജെ.പിയുടെ പ്രതികരണം ആയുധമാക്കി യു.ഡി.എഫ് സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങാന്‍ ബി.ജെ.പിയും തീരുമാനിച്ചു. അതേസമയം സി.ജെ.പി നിലപാട് തള്ളിയ കോണ്‍ഗ്രസ് മുടന്തന്‍ ന്യായമെന്ന് വിശേഷിപ്പിച്ചു.

 

ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് പിണറായി വിജയനും അധികാരം നഷ്ടമാകാന്‍ കാരണം എസ്.ഐ.ആര്‍ എന്ന ആക്ഷേപം സി.ജെ.പി ഉയര്‍ത്തിയത്. തോല്‍വിയുടെ കാരണം പഠിക്കാന്‍ വിശാല സമിതിയടക്കം ചേര്‍ന്ന് വീഴ്ചകളും തിരുത്തലുകളും നടത്തുന്ന സി.പി.എം ഉടന്‍ തന്നെ സി.ജെ.പി ഉയര്‍ത്തിയ കാരണം ഏറ്റെടുത്തു. കേരളത്തിലെ എസ്.ഐ.ആറിലെ തട്ടിപ്പിന് പിന്നില്‍ അന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ രത്തന്‍ ഖേല്‍ക്കറെന്ന നിലയിലാണ് സി.പി.എം ആരോപണം തുടരുന്നത്.

 

അതേസമയം എസ്.ഐ.ആറില്‍ തെറ്റില്ലെന്ന് ദേശീയതലത്തില്‍ വാദിക്കുന്ന ബി.ജെ.പി, കേരളത്തിലെ എസ്.ഐ.ആറില്‍ തെറ്റെന്ന വാദം ഏറ്റെടുക്കുകയാണ്. സി.ജെ.പി പറഞ്ഞതിനൊപ്പം 10 മാസത്തിനിടെ നടന്ന തിരഞ്ഞെടുകളെല്ലാം തട്ടിപ്പാണെന്ന എ.ഐ.സി.സി പ്രസിഡന്‍റിന്റെ പ്രസ്താവനയും ആയുധമാക്കുന്ന ബി.ജെ.പി, അങ്ങിനെയെങ്കില്‍ വി.ഡി.സതീശന്‍ സര്‍ക്കാര്‍ രാജിവെക്കമെന്ന് ആവശ്യപ്പെട്ടു. നിയമസഭ സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച മുതല്‍ തുടര്‍സമരം നടത്തും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകള്‍ക്ക് സമീപം വ്യാജമായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി എന്ന ബോര്‍ഡും സ്ഥാപിക്കാനാണ് തീരുമാനം.

ENGLISH SUMMARY:

Malayala Manorama Online News provides the latest political updates regarding the debate over the SIR election controversy and its alleged impact on the Pinarayi Vijayan government defeat. Leaders from both CPM and BJP have reacted strongly to these developments as political tensions rise in Kerala.