tn-byelection

PTI Photo

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ടിവികെ വിജയത്തിലേക്ക്. പത്ത് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ മധുരാന്തകത്തും ധാരാപുരത്തും ടിവികെയ്ക്ക് മികച്ച ലീഡ്. മധുരാന്തകത്ത് ടിവികെ സ്ഥാനാര്‍ഥി മരഗതം കുമരവേലിന്റെ ലീഡ് പതിനായിരം കടന്നു. ധാരാപുരത്തെ ടിവികെ സ്ഥാനാര്‍ഥി പി സത്യഭാമ 5486 വോട്ടിന് മുന്നിലാണ്. നേരത്തെ ധാരാപുരത്ത് കടുത്ത മല്‍സരം കാഴ്ചവച്ച അണ്ണാ ഡിഎംകെ നിലവില്‍ രണ്ട് മണ്ഡലങ്ങളിലും മൂന്നാംസ്ഥാനത്തായി. ഡിഎംകെയാണ് രണ്ട് മണ്ഡലങ്ങളിലും രണ്ടാമത്.  

 

മുഖ്യമന്ത്രി തന്നെയെത്തി മണ്ഡലത്തിലുടനീളം നടത്തിയ പ്രചാരണം ഉപതിരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥികൾക്ക് നിർണായകമായി. അണ്ണാഡിഎംകെയുടെ കുത്തക മണ്ഡലങ്ങളാണ് ടിവികെ പിടിച്ചെടുക്കാൻ പോകുന്നത്. എസ്‌സി മണ്ഡലങ്ങളിലെ വിജയം ഭരണത്തിൽ ടിവികെയ്ക്ക് പുതിയ ഊർജം നൽകുമെന്നാണു രാഷ്ട്രീയ നിരീക്ഷണം.

 

അണ്ണാ ഡിഎംകെ കോട്ടയായ ഈ മണ്ഡലങ്ങളില്‍നിന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ചശേഷം രാജിവച്ച് ടിവികെയില്‍ ചേര്‍ന്നവരാണ് ഉപതിരഞ്ഞെടുപ്പില്‍ ടിവികെയ്ക്കായി മല്‍സരിക്കുന്നത്.  പുതുച്ചേരിയിലെ തട്ടാന്‍ചാവടി മണ്ഡലത്തില്‍ ഭരണകക്ഷിയായ എന്‍.ആര്‍ കോണ്‍ഗ്രസ് ജയിച്ചു.  8482 വോട്ടിനാണ് അശോക് ആനന്ദിന്റെ ജയം. 

 

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും ബംഗാളിലും ബിജെപി മുന്നിൽ. അസമിലെ നാഗോൺ ലോക്സഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ദേവാശിഷ്  ശർമ മുപ്പത്തി നാലായിരത്തിൽ ഏറെ വോട്ടിന് മുന്നിലാണ്. എഐയുഡിഎഫ് ആണ് രണ്ടാം സ്ഥാനത്തുള്ളത്.  ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭ മണ്ഡലങ്ങളിലും BJP ആണ് മുന്നിൽ. റെജി നഗറിൽ BJP സ്ഥാനാർഥി ശങ്കരവ് സർക്കാർ പതിനൊന്നായിരം വോട്ടിന് ലീഡ് ചെയ്യുന്നു

 

പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി രണ്ടിടങ്ങളിൽ വിജയിച്ചതിനാൽ രാജിവച്ച തട്ടാഞ്ചാവടിയിലെ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തി എൻആർ കോൺഗ്രസ്. 8482 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയം. 13,358 വോട്ട് നേടി. രണ്ടാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥിക്ക് 4876 വോട്ടാണ് ലഭിച്ചത്. ഡിഎംകെയാണ് മൂന്നാമത് (നേ‌ടിയ വോട്ട്: 2664). 11 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 26,921 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 1991 മുതൽ രംഗസാമി തുടർച്ചയായി വിജയിച്ചു വരുന്ന മണ്ഡലം നിലനിർത്താൻ എൻഡിഎ മുന്നണിയുടെ ഭാഗമായി എൻആർ കോൺഗ്രസ് മുൻ എംഎൽഎ അശോക് ആനന്ദിനെയാണ് സ്ഥാനാർഥിയാക്കിയത്. ടിവികെ പിന്തുണയോടെ കോൺഗ്രസിലെ ഇ.വിനായകമായിരുന്നു പ്രധാന എതിർ സ്ഥാനാർഥി. കഴിഞ്ഞ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രംഗസാമി 4,441 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ടിവികെ പിന്തുണയോടെ മത്സരിച്ച നേയം മക്കൾ കക്ഷി സ്ഥാനാർഥിയായിരുന്ന ഇ.വിനായകത്തെ പരാജയപ്പെടുത്തിയത്. അതേ വിനായകത്തെ തന്നെ പാർട്ടി സ്ഥാനാർഥിയായി രംഗത്തിറക്കിയുള്ള കോൺഗ്രസിന്റെ നീക്കം ലക്ഷ്യം കണ്ടില്ല.

 

 

ENGLISH SUMMARY:

TVK is heading for victory in the by-elections in two Tamil Nadu constituencies — Madurantakam and Dharapuram. After ten rounds of counting, TVK candidates have strong leads in both seats. In Madurantakam, TVK candidate Maragatham Kumaravel’s lead has crossed 10,000 votes, while in Dharapuram, TVK candidate P. Sathyabama is leading by 5,486 votes.