പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന് എതിരായ ലൈംഗികാതിക്രമ പരാതിയില്‍ വട്ടം കറങ്ങുകയാണ് സിപിഎം. പാർട്ടി അംഗമായ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. സിപിഎം നേതാക്കള്‍ സുരേഷ് ബാബുവിനെതിരായ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറവെ സംഭവത്തില്‍ തന്‍റെ നിലപാട് തുറന്നുപറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ മുൻ ദേശീയ അധ്യക്ഷയുമായ മുന്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി.

പെണ്‍കുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നിര്‍ദാഷിഷ്യം നടപടിയെടുത്ത പാരമ്പര്യമേ സിപിഎമ്മിനുള്ളു, ഇനിയും അത് ഓര്‍ക്കാത്തവരുണ്ടെങ്കില്‍ ‘വിനാശകാലെ വിപരീതബുദ്ധി’ എന്ന് മാത്രമേ ഇപ്പോള്‍ പറയാനാകു എന്നാണ് ശ്രീമതി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം–

സുരേഷ് ബാബുവിനെതിരായ നടപടിയിൽ പരാതി ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കാതെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് പ്രതികരിച്ചു. നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ സംസ്ഥാന നേതൃത്വം അറിയിക്കുമെന്നും പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് മാധ്യമങ്ങൾ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുരേഷ് ബാബുവിനെതിരെ സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങൾ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടുണ്ടോ എന്നറിയില്ലെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജയുടെ പ്രതികരണം. മാധ്യമങ്ങളിൽ പറയുന്നതാണ് തനിക്ക് അറിയാവുന്നതെന്നും ഏത് തരത്തിലുള്ള പോരായ്മയായാലും പാർട്ടി നടപടിയെടുക്കുമെന്നും ശൈലജ വ്യക്തമാക്കി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും നടപടിയുടെ വിശദാംശങ്ങളെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

സുരേഷ് ബാബുവിനെ തൽക്കാലം പാർട്ടി വേദികളിൽനിന്ന് മാറ്റിനിർത്താനാണ് നേതൃത്വത്തിന്‍റെ നീക്കമെന്നാണ് വിവരം. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതുവരെ ഈ നിയന്ത്രണം തുടർന്നേക്കും. സംഘടനാപരമായ നടപടിയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം കൂടുതൽ തീരുമാനമെടുക്കുമെന്നാണ് സൂചന.

ENGLISH SUMMARY:

CPM Palakkad faces scrutiny following a sexual assault complaint against former district secretary E.N. Suresh Babu. Party leaders have commented on the situation, with P.K. Sreemathi emphasizing CPM's commitment to taking action against perpetrators regardless of their position.