ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് ഇനിമുതല്‍ ആധികാരിക രേഖ ആധാര്‍ മാത്രമാക്കും. ഇതുവരെ ഡ്രൈവിങ് ലൈസന്‍സും പാസ്പോര്‍ട്ടും ഉള്‍പ്പടെ ഉപയോഗിക്കാമായിരുന്നു. പാസ്പോര്‍ട്ട് ഇനിമുതല്‍ വിദേശികള്‍ക്ക് മാത്രമേ ബുക്കിങ്ങിന് രേഖയായി ഉപയോഗിക്കാന്‍ കഴിയൂ. ബുക്കിങ്ങില്‍ തട്ടിപ്പുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് മാറ്റങ്ങള്‍. ഇനിമുതല്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ വാലിഡേഷനും ഉണ്ടാവും. ആധാറില്‍ ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പരിലേക്ക് ഒടിപി വരും. ഒടിപി ഉണ്ടെങ്കിലേ ബുക്കിങ് സാധ്യമാകൂ എന്നാണ് പുതിയ രീതി. ഡിസംബറില്‍ ട്രയല്‍ റണ്‍ തുടങ്ങാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. ഇതിന് ഹൈക്കോടതിയും അനുമതി നല്‍കി.,

 

ശബരിമലയില്‍ ആദ്യ ആഴ്ച കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ടരലക്ഷത്തോളം തീര്‍ഥാടകര്‍ കുറഞ്ഞു

 

ശബരിമലയിൽ മണ്ഡലകാലത്തിന്റെ ആദ്യ ആറു ദിവസം എത്തിയത് കഴിഞ്ഞ വര്‍ഷത്തേതിന്‍റെ പകുതി തീര്‍ഥാടകര്‍. 2.38 ലക്ഷം തീര്‍ഥാടകരാണ് കുറഞ്ഞത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ഉടന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. 

 

കഴിഞ്ഞ മണ്ഡലകാലത്ത് നവംബർ 16മുതൽ21വരെ 5,10,445പേർ ദർശനം നടത്തിയപ്പോൾ ഈ വർഷം എത്തിയത് 2,71,800റോളം പേർ മാത്രം. 2.38 ലക്ഷത്തോളം തീർഥാടകരുടെ കുറവാണ് ആറ് ദിവസത്തെ കണക്കിലുള്ളത്. 47 ശതമാനമാണ് തീര്‍ഥാടകരുടെ കുറവ്.ആദ്യ ദിവസമായ നവംബർ 16ന് കഴിഞ്ഞ വർഷം 55,312തീർഥാടകരാണ് ദർശനം നടത്തിയത്.ഈ വർഷം ഇത് 24,875ആയി കുറഞ്ഞു.വൃശ്ചികം ഒന്നിന് കഴിഞ്ഞ വർഷം  1.3ലക്ഷം പേര്‍ എത്തിയപ്പോള്‍ ഈ വർഷം 38,000പേർ മാത്രമാണ് ദർശനം നടത്തിയത്. അറുപത്തി അയ്യായിരത്തിലധികം പേര്‍ കുറഞ്ഞു. മറ്റെല്ലാ ദിവസവും എണ്‍പതിനായിരത്തിലധിം തീര്‍ഥാടകര്‍ ഉണ്ടായിരുന്നു.

 

ഇത്തവണ പകുതിയായി. നടവരവ്,അപ്പം അരവണ വിറ്റുവരവ്,അന്നദാന ഫണ്ട് തുടങ്ങി വരുമാനത്തില്‍ എഴ് മുതല്‍ പത്ത് കോടി വരെ കുറവുണ്ടായി.കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം വെര്‍ച്വല്‌ ക്യൂ ബുക്ക് ചെയ്തവരില്‍ ഇരുപതിനായിരത്തില്‍ അധികം ആളുകളാണ് വരാതിരുന്നത്. ബുക്കിങ്ങിലെ ദുരൂഹത സൈബര്‍ ഫൊറന്‍സിക് സംഘത്തെ ഉപയോഗിച്ച് ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നുണ്ട്.

 

ബുക്കിങ് നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സോഫ്റ്റ് വെയറില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാഹചര്യം ആയില്ല. 

ENGLISH SUMMARY:

Sabarimala virtual queue booking now requires Aadhaar as the mandatory authentic document following reports of booking irregularities and fraud. The Devaswom Board has introduced stricter validation steps, including OTP verification linked to the pilgrim's Aadhaar-registered mobile number.