krishnadas-shailaja-ep-jayarajan-2
  • പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഎം നേതാക്കൾ.

പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഎം നേതാക്കൾ. പാർട്ടി അംഗമായ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. എന്നാൽ അദ്ദേഹത്തിനെതിരായ പരാതി എന്താണെന്ന് സിപിഎം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. Also Read: സുരേഷ് ബാബുവിനെതിരെ ലൈംഗികച്ചുവയുള്ള വാട്സാപ്പ് ചാറ്റുള്‍പ്പടെ തെളിവ്; പരാതിക്കാരിയെ അനുനയിപ്പിക്കാന്‍ സിപിഎം

സുരേഷ് ബാബുവിനെതിരായ നടപടിയിൽ പരാതി ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കാതെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് പ്രതികരിച്ചു. നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ സംസ്ഥാന നേതൃത്വം അറിയിക്കുമെന്നും പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് മാധ്യമങ്ങൾ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുരേഷ് ബാബുവിനെതിരെ സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങൾ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടുണ്ടോ എന്നറിയില്ലെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജയുടെ പ്രതികരണം. മാധ്യമങ്ങളിൽ പറയുന്നതാണ് തനിക്ക് അറിയാവുന്നതെന്നും ഏത് തരത്തിലുള്ള പോരായ്മയായാലും പാർട്ടി നടപടിയെടുക്കുമെന്നും ശൈലജ വ്യക്തമാക്കി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും നടപടിയുടെ വിശദാംശങ്ങളെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. 

സുരേഷ് ബാബുവിനെ തൽക്കാലം പാർട്ടി വേദികളിൽനിന്ന് മാറ്റിനിർത്താനാണ് നേതൃത്വത്തിന്‍റെ നീക്കമെന്നാണ് വിവരം. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതുവരെ ഈ നിയന്ത്രണം തുടർന്നേക്കും. സംഘടനാപരമായ നടപടിയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം കൂടുതൽ തീരുമാനമെടുക്കുമെന്നാണ് സൂചന.

ENGLISH SUMMARY:

CPM leaders have remained evasive about the action against former Palakkad district secretary E.N. Suresh Babu, who was removed from his post following a complaint of inappropriate behaviour towards a woman party member. While E.P. Jayarajan confirmed organisational action, other senior leaders said they were unaware of the complaint's details. Suresh Babu may be kept away from party platforms until the state secretariat meets.