cpm-district-meetings-kerala

തിരുത്തല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കോഴിക്കോടും ഇടുക്കിയിലും പത്തനംതിട്ടയിലും സിപിഎമ്മിന്‍റെ വിശാല ജില്ലാ കമ്മറ്റി യോഗത്തിന് തുടക്കം. സമ്പൂര്‍ണ പരാജയത്തിന്‍റെ സാഹചര്യം വിലയിരുത്തി ന്യൂനപക്ഷ വോട്ടുകള്‍ വീണ്ടെടുക്കാനുള്ള കടുത്ത നടപടികളുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ നേതൃമാറ്റത്തിനുള്ള സാധ്യത വളരെ കുറവാണ്. 

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച, അടിസ്ഥാന വോട്ടുകളിലെ ചോര്‍ച്ച തുടങ്ങിയവയാണ് കോഴിക്കോട്ടെ പരാജയത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് ജയിച്ചപ്പോഴും പേരാമ്പ്രയടക്കം മറ്റ് പല മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചില്ല. കാലങ്ങളായി ഒപ്പം നിന്നിരുന്ന കാന്തപുരത്തെപോലും വിശ്വാസത്തിലെടുക്കാനാകാത്തതും തിരിച്ചടിക്ക് ആക്കം കൂട്ടി. വിശാല സംസ്ഥാന സമിതി യോഗത്തിലെ കണ്ടെത്തല്‍ കൂടി ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടായിരിക്കും ജില്ലാ സെക്രട്ടറി അവതരിപ്പിക്കുക. റിപ്പോര്‍ട്ടിനപ്പുറത്ത് റിയാസിനെതിരായ ഇ ഡി റെയ്ഡും പണമിടപാടുമായി ബന്ധപ്പെട്ട് റിയാസിന്റ വിശദീകരണവും പ്രതിനിധികള്‍ ഉയര്‍ത്തുമോയെന്നതാണ് നിര്‍ണായകം. യോഗം ഉദ്ഘാടനം ചെയ്ത പിണറായി വിജയന്‍ ഗ്യാനേഷ് കുമാറിനെതിരായ നിലപാട് ആവര്‍ത്തിച്ചു. 

കേന്ദ്ര കമ്മിറ്റിയെ പ്രതിനിധീകരിച്ച് പി കെ ശ്രീമതി, ഇ പി ജയരാജന്‍, കെകെ ശൈലജ, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

അടിമാലിയിലാണ് സിപിഎം ഇടുക്കി വിശാല ജില്ലാ കമ്മറ്റി ചേരുന്നത്. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സമ്പൂർണ്ണ പരാജയം പ്രധാന ചർച്ചയാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം 128 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നു.

പത്തനംതിട്ടയിലെ വിശാല ജില്ലാകമ്മറ്റിയോഗം പിബി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. കുറച്ചുകാലമായി ജില്ലയിലെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന മുൻമന്ത്രി വീണാ ജോർജ്ജും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്കിന് പുറമേ പി. രാജീവ്, സജി ചെറിയാൻ, വി.എൻ. വാസവൻ, എം.വി. ജയരാജൻ, പി. ജയരാജൻ തുടങ്ങിയ നേതാക്കളും  പങ്കെടുക്കുന്നു. 

ENGLISH SUMMARY:

CPM District Committee Meetings are being held in Kozhikode, Idukki, and Pathanamthitta to expedite corrective measures and analyze the reasons for electoral setbacks. The party is expected to take strong steps to regain minority votes, though significant leadership changes are unlikely.