തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന് എൽഡിഎഫ്. സുഗതൻ ഒളിവിലായിരുന്ന സമയത്ത് കോർപ്പറേഷൻ യോഗങ്ങളിൽ പങ്കെടുത്തെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. രേഖകളിലെ സുഗതന്‍റെ ഒപ്പുകൾ എൽഡിഎഫ് നേതാവ് എസ്.പി. ദീപക് പുറത്തുവിട്ടു.
വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ ജൂൺ മാസം ഒൻപതാം തീയതിയാണ് ജയിലിലാകുന്നത്. ഇതിനുമുമ്പേ ഒളിവിലായിരുന്ന സമയത്ത് കൗൺസിലിൽ പങ്കെടുക്കാതിരുന്ന സുഗതൻ പങ്കെടുത്തെന്ന് വരുത്തിതീർത്ത് അയോഗ്യത ഒഴിവാക്കാൻ വ്യാജ ഒപ്പിട്ടെന്നാണ് എൽഡിഎഫിന്റെ ആരോപണം. ഫെബ്രുവരി 26, മാർച്ച് മൂന്ന്, ഏപ്രിൽ 27 തീയതികളിലെ കോർപ്പറേഷൻ മിനിറ്റ്സിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പുകളിലെ വൈരുധ്യം എൽഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് എസ്.പി. ദീപക് പുറത്തുവിട്ടു.
ഭരണം നിലനിർത്താൻ വ്യാജരേഖ ചമച്ച മേയർ രാജിവെക്കണമെന്നും ഭരണസമിതിയെ സർക്കാർ അടിയന്തരമായി പിരിച്ചുവിടണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം. എസ്.പി. ദീപക് നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് എ.സി.പി അന്വേഷണം തുടങ്ങി. അതേസമയം ദീപക്കിന്‍റേത് തെറ്റായ പ്രചരണമാണെന്നും പരസ്യമായി തിരുത്തണമെന്നും മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു. അറ്റൻഡൻസ് റജിസ്റ്ററും കൗൺസിലറുടെ ഒപ്പും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാം. ദീപക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.
ENGLISH SUMMARY:
The LDF opposition in the Thiruvananthapuram Corporation has alleged that the signature of Vazhottukonam councillor R. Sugathan was forged in council attendance registers while he was absconding before his arrest on June 9. Releasing copy extracts of the Corporation minutes from February 26, March 3, and April 27, LDF Parliamentary Party Leader S.P. Deepak demonstrated signature discrepancies and accused the ruling BJP body of fabricating records to save the councillor from disqualification. Demanding the immediate resignation of Mayor V.V. Rajesh and the dissolution of the council, LDF filed a formal complaint, prompting an inquiry by the Cantonment ACP. Refuting the allegations, Mayor V.V. Rajesh offered to subject the attendance registers to forensic examination and announced legal action against S.P. Deepak for spreading false claims.