ഫയല്‍ ചിത്രം
കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ (PM SHRI) പദ്ധതി നടപ്പാക്കുന്നതിലേക്ക് നീങ്ങേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് തുടർനടപടികൾ തൽക്കാലം നിർത്തിവെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ പ്രാഥമിക ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതോടെ പദ്ധതി വിലയിരുത്തുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നത് ഉൾപ്പെടെയുള്ള നടപടികൾ അനിശ്ചിതത്വത്തിലായി.
മുൻ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കേന്ദ്രവുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ടുപോയിരുന്നത്. എന്നാൽ പദ്ധതിയിൽ നിന്ന് പൂർണ്ണമായും പിന്മാറുന്നത് വലിയ നിയമക്കുരുക്കുകൾക്ക് വഴിവെക്കുമെന്നതിനാൽ അടിയന്തര തുടർനടപടികളിലേക്ക് പോകാതെ സ്തംഭനാവസ്ഥയിൽ നിലനിർത്താനാണ് സർക്കാർ ആലോചിക്കുന്നത്.
സമഗ്ര ശിക്ഷാ കേരള വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട ഏകദേശം 1800 കോടിയോളം രൂപയുടെ കേന്ദ്ര ഫണ്ട് പി.എം ശ്രീ ഒപ്പിടാത്തതിനെ തുടർന്ന് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. വിഷയത്തിൽ തമിഴ്‌നാട് നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, കേന്ദ്രവുമായി കൂടുതൽ നിയമോപദേശം തേടിയ ശേഷമായിരിക്കും സംസ്ഥാന സർക്കാർ ഔദ്യോഗിക നിലപാട് കൈക്കൊള്ളുക.