കോൺഗ്രസിനുള്ളിലെയും യു.ഡി.എഫിലെയും അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും പാർട്ടി വേദികളിലാണ് ചർച്ച ചെയ്യേണ്ടതെന്നും അതൃപ്തികൾ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കൃത്യമായ മാർഗ്ഗങ്ങളുണ്ടെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കിയത്. പാർട്ടി മുന്നോട്ടുവെക്കുന്ന ജനാധിപത്യ രീതികൾ പാലിച്ച് പരാതികൾ ഉന്നയിക്കുകയാണ് വേണ്ടതെന്നും അഭിപ്രായവ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കുള്ളിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും അതിൽ തന്നെ പ്രതിയാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി താൻ പാർട്ടിക്കോ സർക്കാരിനോ എതിരായി യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായങ്ങളെ തന്നിലേക്ക് കെട്ടിവെക്കാനുള്ള മാധ്യമങ്ങളുടെയും എതിരാളികളുടെയും ശ്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വഴിവിട്ട നടപടികൾക്കെതിരെ 'ഇന്ത്യ' (INDIA) സഖ്യം രാജ്യവ്യാപകമായി ശക്തമായ പോരാട്ടത്തിനും ക്യാമ്പയിനുകൾക്കും തുടക്കം കുറിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. ജനാധിപത്യ സംരക്ഷണത്തിനായുള്ള ഈ പോരാട്ടത്തിൽ പ്രതിപക്ഷത്തെ ചെറുതും വലുതുമായ എല്ലാ നേതാക്കളും പങ്കാളികളാകുമെന്നും അറസ്റ്റ് വരിക്കാൻ പോലും സന്നദ്ധരായി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഹിത ഇടപെടലുകൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭത്തിൽ താൽപ്പര്യമുള്ള എല്ലാ കക്ഷികൾക്കും പങ്കുചേരാമെന്നും മോദി-ഷാ കൂട്ടുകെട്ടിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ തുറന്നുകാട്ടുകയാണ് പ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.