മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യവിമർശനത്തെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. യുഡിഎഫിലെ പ്രധാന തീരുമാനങ്ങളിൽ മതിയായ കൂടിയാലോചനയില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രധാന പരാതി. വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായും വിഷയങ്ങൾ എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
അടൂർ പ്രകാശിന്‍റെ നിലപാടിന് പിന്തുണയുമായി മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ പരസ്യമായി രംഗത്തെത്തി.യുഡിഎഫ് കണ്‍വീനറുടെ വിമർശനങ്ങളെ പൂർണമായി തള്ളിക്കളയാനാകില്ലെന്നായിരുന്നു ജെബി മേത്തറുടെ നിലപാട്. കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് താൻ കത്ത് നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് മാസമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ജെബി മേത്തർ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് വീണ്ടും കത്ത് നൽകിയതായും അവർ വ്യക്തമാക്കി. അടൂർ പ്രകാശ് മുതിർന്ന നേതാവാണെന്നും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും അവർ പറഞ്ഞു.
അടൂർ പ്രകാശിന് പരോക്ഷ പിന്തുണ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നിലപാടിലുമുണ്ടായിരുന്നു. എല്ലാവർക്കും പരിഗണന ലഭിക്കണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും യുഡിഎഫിലെ വിഷയങ്ങൾ പരസ്പരം ചർച്ച ചെയ്ത് തീർക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
അതേസമയം, കെ. മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും അടൂർ പ്രകാശിന്‍റെ വിമർശനത്തെ തള്ളി. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ പരസ്യമായി ഉന്നയിക്കരുതെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്‍റെ നിലപാട്. അടൂർ പ്രകാശിന്‍റെ വിമർശനം അദ്ദേഹത്തിന്‍റെ പദവിക്ക് ചേരാത്തതാണെന്നും വ്യക്തിപരമായ താൽപര്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
കൂടിയാലോചന ആവശ്യമാണ് എന്ന കാര്യത്തിൽ തർക്കമില്ലെന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങൾ പരസ്യമായി പറയാതെ പാർട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും കെ.സി. വേണുഗോപാലിന്‍റെ തലയിൽ കെട്ടിവയ്ക്കേണ്ടതില്ലെന്നും എല്ലാത്തിനും പിന്നിൽ കെസിയാണെന്ന ആരോപണം ശരിയല്ലെന്നും അനിൽകുമാർ വ്യക്തമാക്കി. ചർച്ചകളുടെ അഭാവമുണ്ടെങ്കിൽ നേതാക്കൾ തമ്മിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അനിൽകുമാർ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയെ പ്രതിരോധിക്കാതെയായിരുന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ പ്രതികരണം. അടൂർ പ്രകാശിന്‍റെ വിമർശനത്തിൽ എഐസിസി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്താണ് താൻ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമീപകാലത്തൊന്നും ഉണ്ടാകാത്ത രീതിയിലാണ് അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ വാർത്താസമ്മേളനം വിളിച്ച് പരസ്യവിമർശനം ഉന്നയിച്ചത്. തന്‍റെ വിമർശനത്തിന് പിന്നിൽ മറ്റാരുടെയും പ്രേരണയില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. കെ.സി.വേണുഗോപാലിനെ താൻ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ എതിർപ്പ് തീരുമാനങ്ങളോടല്ലെന്നും യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോട് കൂടിയാലോചന നടത്താത്തതിലാണ് പ്രശ്നമെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു.
എം.കെ.മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതടക്കമുള്ള തീരുമാനങ്ങൾ തന്നെ അറിയിച്ചില്ലെന്നതാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതികളിലൊന്ന്. ഇരുവരും പദവിക്ക് അർഹരാണെന്ന കാര്യത്തിൽ എതിർപ്പില്ലെന്നും ഇത്തരം തീരുമാനങ്ങൾ യു.ഡി.എഫിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി വിവാദത്തിൽ പരസ്യമായി കക്ഷിചേർന്നിട്ടില്ല.