കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് പൊലീസ്. ബി.ജെ.പിയുടെ പരാതിയില്‍ പ്രത്യേക അന്വേഷണമോ നടപടിയോ ഉണ്ടായേക്കില്ല. വീഴ്ചയില്ലങ്കില്‍ മന്ത്രിയെക്കൊണ്ട് എന്തിനാണ് ഫേസ്ബുക്കില്‍ നിന്ന് വീഡിയോ നീക്കിച്ചതെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു. മന്ത്രിമാരായ ഒ.ജെ. ജനീഷിനെയും ബിന്ദുകൃഷ്ണയെയും ഇന്നും വഴിയില്‍ തടഞ്ഞ് യുവമോര്‍ച്ച കരിങ്കൊടി കാണിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി ശനിയാഴ്ച കൊല്ലത്ത് അമൃതാനന്ദമയി ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത പ്രതിഷേധം. പൊലീസിന്‍റെ വലിയ വീഴ്ചയെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് സുരക്ഷാ വീഴ്ച പൊലീസ് തള്ളുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുകയോ പ്രതിഷേധക്കാര്‍ ആഭ്യന്തരമന്ത്രിയുടെ സമീപത്തെത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരം സുരക്ഷാ വീഴ്ചയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പൊലീസിനോട് വിശദീകരണവും തേടിയിട്ടില്ലെന്നുമാണ് പൊലീസ് നിലപാട്. അതുകൊണ്ട് തന്നെ ബി.ജെ.പി ആവശ്യപ്പെടുന്നത് പോലെ പ്രത്യേക അന്വേഷമുണ്ടാകില്ല. പകരം പ്രതിഷേധക്കാര്‍ക്കെതിരെയെടുത്ത കേസ് തുടരുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബി.ജെ.പി തയാറല്ല. യു.ഡി.എഫ് നിര്‍ദേശപ്രകാരം ലാഘവത്തോടെയാണ് പൊലീസ് സുരക്ഷ ഒരുക്കിയതെന്നാണ് ആരോപണം. മന്ത്രി ഒജെ. ജനീഷ് ഫേസ്ബുക്കില്‍ നിന്ന് പ്രതിഷേധ ദൃശ്യം നീക്കം ചെയ്തത് ഇതിന്‍റെ തെളിവാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
അതിനിടെ പകരത്തിന് പകരമെന്ന രീതിയില്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് നേരായ പ്രതിഷേധം യുവമോര്‍ച്ച തുടരുകയാണ്. ഒജെ. ജനീഷിന് ബാലരാമപുരത്ത് തടഞ്ഞു. പകരത്തിന് പകരം തുടങ്ങിയാല്‍ വേണമെങ്കില്‍ പ്രധാനമന്ത്രിയേയും കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് ബിനു ചുള്ളിയില്‍ പറഞ്ഞു.