sponsored-travel-controversy-vd-satheesan
  • പിണറായി വിജയനും ഭാര്യയും സ്വകാര്യ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പഴയ ദൃശ്യങ്ങൾ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ പുറത്തുവിട്ടിട്ടുമുണ്ട്. എന്നാലിത് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നുവെന്നും ആരുടെ ഹെലികോപ്ടറാണെന്നത് പരസ്യമാണെന്ന് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ തിരിച്ചടിക്കുന്നു

മുഖ്യമന്ത്രി വി.ഡി.സതീശന്‍റെയും മന്ത്രിമാരുടെയും സ്പോണ്‍സേര്‍ഡ് യാത്ര രാഷ്ട്രീയ ആയുധമാക്കി അഴിമതി ആരോപണം ഉയര്‍ത്താന്‍ പ്രതിപക്ഷം. എന്നാൽ മറ്റെല്ലാ നേതാക്കളും വിമർശനവുമായി രംഗത്തെത്തിയിട്ടും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഒന്നും പ്രതികരിച്ചിട്ടില്ല. പിണറായി വിജയനും സ്വകാര്യ വിമാന യാത്രകൾ നടത്തിയിട്ടുണ്ടന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ആരോപിച്ചിട്ടും മറുപടി പറഞ്ഞില്ല.  പിണറായി വിജയന്റെ  യാത്ര വിവരം പുറത്തു വിടാമെന്ന് സർക്കാർ പറയുന്നിടത്താണ് മൗനം ചർച്ചയാകുന്നത്. 

അതിനിടെ പിണറായി വിജയനും ഭാര്യയും സ്വകാര്യ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പഴയ ദൃശ്യങ്ങൾ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ പുറത്തുവിട്ടിട്ടുമുണ്ട്. എന്നാലിത് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നുവെന്നും ആരുടെ ഹെലികോപ്ടറാണെന്നത് പരസ്യമാണെന്ന് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ തിരിച്ചടിക്കുന്നു. ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ സ്വകാര്യ വ്യക്തി നല്‍കിയ വിമാനത്തില്‍ യാത്ര ചെയ്ത് എത്തിയ മുഖ്യമന്ത്രി ആ സ്പോണ്‍സറാരെന്ന് പറയാത്തതില്‍ ദുരൂഹതയുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ആരോപണമുണ്ട്.

വി.ഡി.സതീശനെതിരെ ആരോപണവും പ്രതിഷേധവും തുടരാനാണ് ഇടത് സംഘടനകളുടെ  തീരുമാനം. മുഖ്യമന്ത്രിയുടെ സ്പോൺസർമാരുടെ ചിത്രം വരയ്ക്കാം എന്ന വ്യത്യസ്തമായ പ്രതിഷേധം ഇന്ന് ഡിവൈഎഫ്ഐ സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ ജയിക്കുന്നവർക്ക് എമർജൻസി ലാമ്പ് സമ്മാനമായി നൽകുമെന്നുമാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപനം.

സര്‍ക്കാരിന്‍റെ പണം ചെലവാക്കിയല്ല താന്‍ യാത്ര ചെയ്തതെന്നും സ്വകാര്യ വിമാനത്തില്‍ ഇനിയും യാത്ര ചെയ്യും എന്നായിരുന്നു നടപടിയിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ പണം ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ലെന്നും സര്‍ക്കാരിന്‍റെ ചെലവ് കുറയ്ക്കാനാണ് ഇങ്ങനെ പോയതെന്ന വിചിത്ര ന്യായീകരണവും വി.ഡി.സതീശന്‍ ഉയര്‍ത്തി. മാത്രവുമല്ല, സ്പോണ്‍സര്‍മാരുടെ ചെലവില്‍ വിദേശയാത്ര നടത്തിയ മന്ത്രിമാരെയും കെ.എം.ഷാജിയുടെ ആഡംബരക്കാറുപയോഗവും ന്യായീകരിക്കുകയും ചെയ്തു. താനാണ് വിദേശത്ത് പോയി വരാന്‍ മന്ത്രിമാരോട് പറഞ്ഞതെന്നും ടിക്കറ്റെടുത്ത് നല്‍കിയവര്‍ നാളെ ഔദാര്യം പറ്റാന്‍ വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

The opposition in Kerala has termed the sponsored aircraft travel by Chief Minister V.D. Satheesan and ministers as corruption, launching protests. Chief Minister Satheesan countered by citing past private flights taken by Leader of the Opposition Pinarayi Vijayan, as DYFI organized a protest competition