10 വര്‍ഷത്തിന് ശേഷം കേരളത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ 100 ദിനം പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ യാത്രയ്ക്കുമപ്പുറം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും യാത്രകളാണ് ചര്‍ച്ചാവിഷയം....വിവാദവിഷയം. മുഖ്യമന്ത്രി വി.ഡി.സതീശന്റെയും മന്ത്രിമാരായ കെ.എം.ഷാജി, ഒ.ജെ.ജനീഷ്, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ യാത്രകളാണ് വിവാദയാത്രകളായിരിക്കുന്നത്. സ്പോണ്‍സേഡ് യാത്രകളില്‍ കുരുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ്തന്നെ വി.ഡി.സതീശന്‍ ചാര്‍ട്ടേഡ‍് വിമാനത്തില്‍ മംഗളൂരുവില്‍ പോയതുമുതല്‍ ഈ സര്‍ക്കാരിനെ സ്പോണ‌്‍സേഡ് യാത്ര വേട്ടയാടുന്നുണ്ട്. കൊച്ചിയില്‍ ആശുപത്രിയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ മുഖ്യമന്ത്രി ഉപയോഗിച്ചു എന്നും ആരോപണമുയര്‍ന്നിരുന്നു.
അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഹെലികോപ്റ്ററിൽ ജൂലൈ31ന് മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു പറന്നതാണു പ്രതിപക്ഷം ആയുധമാക്കിയത്. എന്നാൽ, ചില ഒൗദ്യോഗിക കൂടിക്കാഴ്ചകൾ കൊച്ചിയിലുണ്ടായിരുന്നുവെന്നും അതിനു വേണ്ടിയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും അതിനിടെ, രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെയും സന്ദർശിച്ചെന്നുമായിരുന്നു വിശദീകരണം. മന്ത്രിമാരും മുഖ്യമന്ത്രിയുമൊക്കെ യാത്ര ചെയ്യുന്നതിലല്ല പ്രശ്നം. ആ യാത്രയുടെ ഉദ്ദേശങ്ങളും അതിലുപരി ആ യാത്ര എങ്ങനെയായിരുന്നു ആര്‍ക്കൊപ്പമായിരുന്നു എന്നതുമാണ് വിവാദവിഷയം.
മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ മലപ്പുറത്തേക്ക് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയതാണ് ഒടുവിലത്തെ വിവാദവിഷയം. ബെംഗളൂരുവില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു യാത്ര. സാധാരണയായി പൊലീസിന്‍റെ വാടക ഹെലികോപ്ടറിലാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യാറുള്ളത്. എന്നാല്‍ ഹെലികോപ്ടറിന്‍റെ വാടക കാലാവധി അവസാനിച്ചതോടെയാണ് യാത്ര ചാര്‍ട്ടേഡ് വിമാനത്തിലേക്ക് മാറ്റിയത്. ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ വേഗമെത്തിയതിനെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, ആരുടേതാണ് ആ ചാര്‍ട്ടേഡ് വിമാനം? ആരാണ് ആ യാത്രക്കായി ലക്ഷങ്ങള്‍ ചെലവാക്കിയത്? അതിനൊക്കെ കൃത്യമായ വിശദീകരണം നല്‍കേണ്ട സര്‍ക്കാര്‍ പക്ഷേ പുകമറയുണ്ടാക്കുകയായിരുന്നു. മുഖ്യമന്ത്രി മലപ്പുറം യാത്രയ്ക്കുപയോഗിച്ചത് കർണാടകയിലുള്ള മന്ത്രി കെ ജെ ജോർജിന്റെ കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള വിമാനമാണെന്ന് രേഖകളിൽ നിന്നും വ്യക്തമാണ്. യാത്രയ്ക്ക് സര്‍ക്കാരിന് ഒരു രൂപയുടെ ചെലവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ന്യായീകരിച്ചു. അതേ ന്യായീകരണവുമായി ഇന്ന് മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തി. യാത്ര സര്‍ക്കാര്‍ ചെലവിലല്ലെന്നും സ്വകാര്യവ്യക്തി നല്‍കിയ വിമാനമാണ് ഉപയോഗിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസപോലും ചെലവാക്കിയിട്ടില്ല. ദുരന്തത്തില്‍ ആറുപേര്‍ മരിച്ചപ്പോഴാണ് അവിടേക്ക് പോയത്. അവിടെയെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലായിരുന്നു അത്തരമൊരു യാത്ര. പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്'. അതില്‍ ഒരുതെറ്റുമില്ലന്ന് പറഞ്ഞ മുഖ്യമന്ത്രി ഇനിയും സ്വകാര്യ വിമാനയാത്ര നടത്തുമെന്നും പറഞ്ഞു.
പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളിൽ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ചിപ്സണ്‍ കമ്പനിയുമായുള്ള ഹെലികോപ്റ്റര്‍ കരാര്‍ അവസാനിച്ചെങ്കിലും ഒരു ഹെലികോപ്റ്റര്‍ അത്യാവശ്യമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയുമായുള്ള ചര്‍ച്ചകളിലൂടെ കരാര്‍ തുക കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.
മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുംമുന്‍പ് ഇതേ നിലപാടുമായാണ് കെപിസിസി അധ്യക്ഷനും കോണ്‍ഗ്രസ് നേതാക്കളുമൊക്കെ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ വിമാനയാത്ര അടിയന്തര സാഹചര്യത്തിൽ ഉണ്ടായതാണെന്ന് പറയുന്ന കെപിസിസി അധ്യക്ഷന്‍ പക്ഷേ അത് ആരുടെ ചെലവിലാണെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നില്‍ക്കുന്നു.
പിണറായി വിജയൻ പോയതിന്റെ മൂന്നിലൊന്ന് വി.ഡി.സതീശൻ പോയില്ലെന്ന് പരിഹസിച്ച് മന്ത്രി കെ മുരളീധരൻ രംഗത്തെത്തി. സ്പോൺസേഴ്‌സ് വെറുക്കപ്പെട്ടവരല്ലെന്നായിരുന്നു ന്യായീകരണം. മുഖ്യമന്ത്രിയുടെ വിമാനയാത്രയെ പറ്റിയുള്ള വിവാദത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ.
മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം യാത്രയെ ന്യായീകരിക്കുന്നുണ്ടെങ്കിലും രൂക്ഷമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ യാത്ര സര്‍ക്കാര്‍ കാര്യത്തിനായതിനാല്‍ ചാര്‍ട്ടേഡ് വിമാനം സ്പോണ്‍സര്‍ ചെയ്തതും ചെലവുവഹിച്ചതും ആരെന്നറിയാന്‍ ജനത്തിന് അവകാശമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. മലപ്പുറത്തേക്കുള്ള യാത്ര ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.
ഉപയോഗിച്ചത് ആരുടെ വിമാനമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്തെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി.രാജീവ്. സത്യസന്ധമായി ബിസിനസ് നടത്തുന്ന ആളാണെങ്കിൽ പേര് പറയാമല്ലോ എന്നും പി.രാജീവ് ചോദിച്ചു. സ്വകാര്യ വിമാനത്തിലെ മുഖ്യമന്ത്രിയുടെ യാത്രയെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപിയും രംഗത്തെത്തി. ലോകത്ത് ഒന്നും സൗജന്യമല്ല. കേളചന്ദ്ര ഗ്രൂപ്പിന് റിയൽ എസ്റ്റേറ്റ് രംഗത്ത് താല്പര്യമുണ്ട്. വെറുതെ വിമാനം വിട്ടുനൽകില്ല എന്ന് ആർക്കും മനസ്സിലാവും. ഒരു മുതലാളിയും വെറുതെ സഹായിക്കില്ല. കേരളം ഗവൺമെന്റ് സ്പോൺസേർഡ് ബൈ എന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ എഴുതി വയ്ക്കണമെന്നും ജോൺ ബ്രിട്ടാസ് ഡൽഹിയിൽ പറഞ്ഞു.
അജ്ഞാതരായ സ്പോണ്‍സര്‍മാര്‍ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ചാര്‍ട്ടേഡ് വിമാനം ഉപകാരസ്മരണയാണോ എന്ന് സംശയിക്കുന്നു. പിണറായി സര്‍ക്കാര്‍ പത്തുവര്‍ഷം കൊണ്ട ചെയ്തത് മൂന്നുമാസം കൊണ്ട് ചെയ്യാനാണ് യുഡിഎഫിന്റെ ശ്രമമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണം വന്നെങ്കിലും സര്‍ക്കാര്‍ ആവശ്യത്തിന് സ്വകാര്യവ്യക്തികളുടെ സംവിധാനങ്ങളെ ആശ്രയിച്ചതിനെച്ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയിട്ടില്ല. ആരുടെ ചെലവിലായിരുന്നു യാത്ര എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നതും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തുടരാന്‍ കാരണമാണ്.
മുഖ്യമന്ത്രിയുടേത് സ്പോണ്‍സേഡ് വിമാന യാത്രയായിരുന്നെങ്കില്‍ സ്വകാര്യ വ്യക്തിയുടെ ആഡംബര കാര്‍ ഔദ്യോഗിക വാഹനത്തിന് പകരമായി ഉപയോഗിച്ചതാണ് തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജിയുടെ പേരിലുള്ള വിവാദം. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ ആഡംബര വാഹനമാണ് സ്റ്റേറ്റ് കാറിന്റെ നമ്പര്‍ പ്ളേറ്റ് വച്ച് ഓടിയത്. വിമര്‍ശനങ്ങള്‍ കുമിഞ്ഞുകൂടിയതോടെ വിദേശത്തിരുന്ന് മന്ത്രി ഇങ്ങനെ ഫേസ്ബുക്ക് പോസ്റ്റിട്ടു. ഒരു പാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളുമുണ്ട്. അതില്‍ ഏതു വണ്ടിയും നടപടിക്രമം പാലിച്ച് ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ല. വെറുതെ പൂട്ടിവെച്ച വാഹനങ്ങളുണ്ടെങ്കില്‍ തന്നോളൂ.. ആവശ്യമായ അനുമതി എടുത്ത് ഞാൻ ഉപയോഗിച്ചോളാം. നിയമപരമായി നിരത്തിൽ ഇറക്കാൻ അർഹതയുള്ളത് ആണെങ്കിൽ അത് ഓടുക തന്നെ ചെയ്യുമെന്നും വെല്ലുവിളിച്ച കെ.എം.ഷാജി മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങളുതിര്‍ത്തു. വിമര്‍ശനം വീണ്ടും കടുത്തതോടെ ആഢംബര വാഹനത്തില്‍ പതിമൂന്നാം നമ്പര്‍ പതിപ്പിച്ചുള്ള തന്‍റെ യാത്രയ്ക്ക് സര്‍ക്കാരില്‍ നിന്നും ഒരു രൂപ പോലും വാങ്ങില്ലെന്ന് മന്ത്രി ന്യായീകരിച്ചു. സര്‍ക്കാരില്‍ നിന്നും കിട്ടിയത് കണ്ടംചെയ്തവണ്ടിയായത് കൊണ്ടാണ്, നഷ്ടമെന്ന് അറിഞ്ഞിട്ടും നാട്ടിലോടാന്‍ തന്‍റെ സുഹൃത്തിന്‍റെ പഴയ വണ്ടി ഉപയോഗിച്ചത്. വാഹനം തന്‍റേതല്ലെന്ന കാര്യം ഏതൊരാള്‍ക്കും പരിശോധിച്ചാല്‍ മനസിലാവുമെന്നും ആരെങ്കിലും കൈകാട്ടി വിളിച്ചാല്‍ പെട്ടെന്ന് വണ്ടിയില്‍ കയറുന്ന ആളല്ല താനെന്നും കെ.എം ഷാജി മനോരമ ന്യൂസിനോട് പറഞ്ഞു.
സുഹൃത്തിന്‍റെ ആഡംബരകാര്‍ ഉപയോഗിച്ചതില്‍ കെ.എം.ഷാജിക്ക് പിന്തുണയുമായി കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണിജോസഫ് രംഗത്തെത്തി. ഷാജിക്കെതിരെ പറയാന്‍ മറ്റൊന്നുമില്ലാത്തതിനാലുള്ള 'പെറ്റി' ആരോപണമാണിത്. കാര്‍ ഉപയോഗം സൗജന്യമായല്ല, സൗകര്യമായാണ് കാണേണ്ടത്. ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തതെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഒരാള്‍ ചായ വാങ്ങി നല്‍കിയാല്‍ അത് വാങ്ങിക്കുടിക്കുന്നതു പേലെ മാത്രമേ ഷാജി ചെയ്തിട്ടുള്ളൂ എന്നായിരുന്നു മന്ത്രി ടി സിദ്ദിഖിന്‍റെ ന്യായീകരണം. നിയമപ്രകാരമാണ് മന്ത്രി വാഹനം ഉപയോഗിച്ചതെന്നായിരുന്നു പി.കെ ഫിറോസ് എംല്‍എയുടെ പ്രതികരണം.
ഷാജിയെ കടന്നാക്രമിച്ച സിപിഎം സെക്രട്ടേറിയറ്റംഗം പി ജയരാജന്‍ "മുസ്ലിംബിജെപി" പാര്‍ട്ടിയായി ലീഗ് മാറിയെന്നും ലീഗ് നേതാക്കന്മാര്‍ക്ക് എല്ലാം കച്ചവടമാണെന്നും കുറ്റപ്പെടുത്തി, കാര്‍ നല്‍കിയത് തന്‍റെ പിതാവിന് മന്ത്രിയുമായുള്ള വ്യക്തിബന്ധം കൊണ്ടാണെന്ന് ഉടമ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്‍റെ മകന്‍ മുഹാജിര്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി. മന്ത്രിയാകുന്നതിന് മുമ്പും കാര്‍ നല്‍കിയിട്ടുണ്ടെന്നും മുഹാജിര്‍ പറഞ്ഞു.
വിവാദം രൂക്ഷമായതോടെ ഔദ്യോഗിക വാഹനമായി പതിമൂന്നാം നമ്പര്‍ പതിച്ച് ഉപയോഗിച്ചിരുന്ന, വിവാദ ആഡംബര കാര്‍ മന്ത്രി KM ഷാജി തിരിച്ചേൽപ്പിച്ചു. എങ്കിലും മുഖ്യമന്ത്രി ഷാജിക്ക് പിന്തുണയുമായി രംഗത്തെത്തി. മന്ത്രിക്ക് അനുവദിച്ച സര്‍ക്കാര്‍ വാഹനത്തിന് പത്തുവര്‍ഷത്തെ പഴക്കമുണ്ട്. സുഹൃത്തിന്‍റെ വാഹനം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലെ യാത്രകള്‍ മാത്രമല്ല മന്ത്രിമാരുടെ വിദേശയാത്രകളും വിവാദമായിട്ടുണ്ട്. കായികമന്ത്രി ഒ.ജെ.ജനീഷിന്റെ ഒമാന്‍ യാത്രക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നു. ഒമാനിലേത് ഔദ്യോഗിക സന്ദര്‍സനമല്ലെന്നും സര്‍ക്കാര്‍ ചെലവിലല്ല യാത്രയെന്നും ജനീഷ് പറഞ്ഞതോടെ അതും സ്പോണ്‍സേഡ് യാത്രയെന്ന വിമര്‍ശനമുയര്‍ന്നു. തനിക്ക് 37 വയസേ ഉള്ളുവെന്നും തല്ക്കാലം തന്തവൈബടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു കായികമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷം പോയത് പോലെ കുട്ടികളും കുടുംബവുമായല്ല യു ഡി എഫ് മന്ത്രിമാർ വിദേശ യാത്ര നടത്തിയത്. തന്റൊപ്പം വന്നത് ഭാര്യയാണെന്നും അതിൽ ആർക്കാണ് പ്രശ്നമെന്നും ജനീഷ് ചോദിച്ചു.
മന്ത്രിയുടെ ഈ പ്രതികരണത്തിനെടിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജറോം രംഗത്തെത്തി. മന്ത്രി നീറോ ചക്രവര്‍ത്തിയാണെന്നായിരുന്നു വിമര്‍ശനം. നാട് അപകടത്തെ അഭിമുഖീകരിച്ച ദിനത്തിലാണ് ട്രിപ്പ് പോയി വരാനുള്ള മന്ത്രിയുടെ പ്രതികരണമെന്നും ചിന്ത വിമര്‍ശിച്ചു.
സീനിയര്‍ നേതാവ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് യാത്രയും വിവാദമായി. സര്‍ക്കാര്‍ ചെലവിലാണ് ആഭ്യന്തരമന്ത്രിയുടെ യാത്രയെന്നായിരുന്നു വിമര്‍ശനം. വിമര്‍ശനം കനത്തതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ചിക്കാഗോയില്‍ എത്തിയതെന്നും സര്‍ക്കാര്‍ ചെലവിലല്ലെന്നുമായിരുന്നു പ്രതികരണം.
സര്‍ക്കാര്‍ അധികാരത്തിലേറെ നാല് മാസം പിന്നിടുമ്പോള്‍ മന്ത്രിമാരുടെ വിദേശസന്ദര്‍ശനങ്ങളും ഏറുകയാണ്. മന്ത്രി വി.ഇ.അബ്ദുല്‍ ഗഫൂര്‍ അബുദാബിയിലും ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ ബഹ്റൈനില്‍ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനുമാണ് പോയത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി പി.സി.വിഷ്ണുനാഥും വിദേശയാത്രകള്‍ നടത്തിയെങ്കിലും ഔദ്യോഗിക യാത്രകളെന്നായിരുന്നു വിശദീകരണം. യാത്രകളില്‍ പലതും വിവാദമായെങ്കിലും അതിനെയെല്ലാം ന്യായീകരിച്ചാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. മന്ത്രിമാരോട് വിദേശത്ത് പോകാന്‍ പറഞ്ഞത് താനെന്ന് പറഞ്ഞ മുഖ്യമന്ത്രി, സര്‍ക്കാര്‍ ചെലവില്ലാത്ത യാത്രയെ പ്രോത്സാഹിപ്പിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്തുള്ള സംഘടനകള്‍ വിളിച്ചിട്ടാണ് അവരൊക്കെ പോയതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം.
ന്യായീകരണങ്ങളും അവകാശവാദങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കളംനിറയുന്നുണ്ടെങ്കിലും രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയുടെ സ്പോണ്‍സറുടെ കാര്യം മറച്ചുവയ്ക്കുന്നതിലൂടെ എന്താണ് മറയ്ക്കുന്നതെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. കെ.എം.ഷാജിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ പൊതുഭരണവകുപ്പ് വഴി സ്വകാര്യവാഹനങ്ങളില്‍ കേരള സ്റ്റേറ്റ് ബോര്‍ഡും നമ്പരും വയ്ക്കാമെന്നാണ് വിശദീകരണം. തന്തവൈബ് പിടിക്കാനില്ലെന്ന ജനീഷിന്റെ പരാമര്‍ശവും വിമര്‍ശിക്കപ്പെടുന്നുണ്ട്. തെറ്റുതിരുത്താനുള്ളവയാണെങ്കില്‍ അത് ചെയ്യാതെ പകരം ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ മധുവിധുകാലം കഴിഞ്ഞതോടെ രൂക്ഷവിമര്‍ശനങ്ങള്‍ തുടങ്ങിയതോടെ വരുംനാളുകളില്‍ രാഷ്ട്രീയരംഗം കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. അതിലേക്കുള്ള ചുവടുവയ്പ്പുകളാണ് യാത്രാവിവാദങ്ങളും അതിനായുള്ള ന്യായീകരണങ്ങളും