മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ചാര്‍ട്ടേഡ് വിമാന യാത്രയില്‍ വിമര്‍ശനവുമായി എ.എ.റഹീം എംപി. മുഖമില്ലാത്ത അധോലോക നായകരാണോ മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്പോൺസർമാരുമെന്ന് അദ്ദേഹം ചോദിച്ചു. മുൻപ് കൊച്ചിയിലേക്ക് നടത്തിയ ഹെലിക്കോപ്റ്റർ യാത്ര അമ്മായിയപ്പനെ കാണാനല്ലെന്നും 'ഇൻവെസ്റ്റർ ഗ്രൂപ്പിനെ' കാണാനാണെന്നും പറഞ്ഞിരുന്നെങ്കിലും ആ ഇൻവെസ്റ്റർ ഗ്രൂപ്പ് ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് റഹീം ചൂണ്ടിക്കാട്ടി. കൂടാതെ, കഴിഞ്ഞ ദിവസം ചാർട്ടേഡ് വിമാനത്തിൽ നടത്തിയ മലപ്പുറം യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ അത് ഒരു 'പരിചയക്കാരന്‍റെ' വിമാനമാണെന്ന് മറുപടി നൽകിയെങ്കിലും ആ പരിചയക്കാരൻ ആരാണെന്ന് വ്യക്തമാക്കാൻ തയ്യാറായില്ല. മാധ്യമങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ പുറത്തുവിടാൻ മനസ്സില്ലെന്ന ദുരൂഹമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്പോൺസർമാരും മുഖമില്ലാത്ത അധോലോക നായകരോ? അന്നൊരിക്കൽ കൊച്ചിയിലേക്ക് ഒരു ഹെലിക്കോപ്റ്റർ യാത്ര. അമ്മായിയപ്പനെ കാണാൻ പോയതല്ല, ഒരു 'ഇൻവെസ്റ്റർ ഗ്രൂപ്പിനെ' കാണാൻ പോയതാണെന്ന് മുഖ്യമന്ത്രി. ആരാണ് ആ ഇൻവെസ്റ്റർ ഗ്രൂപ്പ്?? ഇന്ന് വരെ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
ഇപ്പോൾ ഇതാ ചാർട്ടേഡ് വിമാനത്തിൽ ഒരു മലപ്പുറം യാത്ര! അത് ഒരു 'പരിചയക്കാരന്‍റെ' വിമാനമാണെന്ന് ഇന്ന് മറുപടി. ആരാണ് ആ 'പരിചയക്കാരൻ' എന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും "വെളിപ്പെടുത്താൻ മനസ്സില്ല" എന്ന ദുരൂഹമായ നിലപാട്! പുറത്തു പറയാൻ പറ്റാത്ത സുഹൃത്തുക്കളും, സുതാര്യമല്ലാത്ത ദുരൂഹ യാത്രകളും നടത്താനുള്ള സൗകര്യമല്ല ഈ ഭരണഘടനാ പദവി.
അന്ന്, സെൻട്രൽ സ്റ്റേഡിയത്തിൽ “വടശേരി ദാമോദര മേനോൻ സതീശൻ” എന്ന താങ്കൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത് അജ്ഞാത സ്പോൺസർമാരുടെയും,ദുരൂഹ പരിചയക്കാരുടെയും ചെലവിൽ ഭരിക്കാനല്ല. അതൊക്കെ മറച്ചു വയ്ക്കാമെന്നും, അധോലോകക്കാർക്ക് വിധേയപ്പെട്ട് ഭരണം നടത്താമെന്നും അന്ന് ചൊല്ലിയ ആ സത്യപ്രതിജ്ഞയിൽ ഉണ്ടായിരുന്നുമില്ല,' റഹീം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.