മലപ്പുറത്തെ ദുരിത മേഖല സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ സൗജന്യമായി ചാർട്ടേഡ് വിമാനം ഉപയോഗിച്ച സംഭവത്തിൽ ധാർമ്മിക ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വക്താവ് ഡോ. ജിന്റോ ജോൺ. സ്വകാര്യ വിമാനം സ്പോൺസർ ചെയ്തത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമായിരുന്നുവെന്നും, ആ പേര് കൂടി വെളിപ്പെടുത്തിയിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റ് ചർച്ചയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
നാലുമാസം മാത്രം പ്രായമുള്ള യു.ഡി.എഫ് സർക്കാർ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ, ദുരിതാശ്വാസ മേഖല സന്ദർശിക്കാൻ സ്വകാര്യ വിമാനം ഉപയോഗിച്ചതും അതിന്റെ സ്പോൺസറെ മറച്ചുവെച്ചതും പൊതുസമൂഹത്തിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നതിനിടയിലാണ് സ്വന്തം പാർട്ടി പ്രതിനിധിയിൽ നിന്നും ഇത്തരമൊരു ചോദ്യം ഉണ്ടായിരിക്കുന്നത്.
സംസ്ഥാന ഖജനാവിനോ ദുരിതാശ്വാസ നിധിക്കോ സാമ്പത്തിക നഷ്ടമുണ്ടാക്കാതെ ഏറ്റവും വേഗത്തിൽ ദുരിതബാധിത പ്രദേശത്ത് എത്തിയ മുഖ്യമന്ത്രിയുടെ നടപടി ഗുണകരമാണെങ്കിലും, ധാർമ്മികതയുടെ പ്രശ്നം അവിടെ അവശേഷിക്കുന്നുണ്ടെന്ന് ഡോ. ജിന്റോ ജോൺ ചൂണ്ടിക്കാട്ടി. ഭരണനിർവ്വഹണത്തിലും പൊതുനടപടിക്രമങ്ങളിലും സുതാര്യതയും ഉത്തരവാദിത്തവും നിർബന്ധമാണെന്നും, അത് ജനാധിപത്യപരമായ രാഷ്ട്രീയ ധാർമ്മികതയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെലികോപ്റ്റർ കരാർ അവസാനിപ്പിച്ച സാഹചര്യത്തിൽ അടിയന്തര ആവശ്യത്തിനാണ് സൗജന്യ വിമാനയാത്ര സ്വീകരിച്ചതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ, യാതൊരു താൽപ്പര്യവുമില്ലാതെ ഏത് സ്പോൺസറാണ് ഇത്തരത്തിൽ സൗജന്യം നൽകിയതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് ജിന്റോ ജോൺ അഭിപ്രായപ്പെട്ടു.