തദ്ദേശ മന്ത്രി കെ.എം.ഷാജി ഔദ്യോഗിക ആവശ്യത്തിന് സുഹൃത്തിന്റെ ആഡംബര കാർ ഉപയോഗിച്ചതിലെ ന്യായീകരണവും പൊളിയുന്നു. സർക്കാർ വാഹനത്തിന് പകരം സുഹൃത്തിന്‍റെ കാർ ഉപയോഗിക്കാൻ അനുമതി നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശനടക്കം വാദിച്ചിരുന്നു. എന്നാല്‍ ആ വാദം പൂര്‍ണമായും ശരിയല്ലെന്ന് രേഖകള്‍ പറയുന്നു. കെ.എം.ഷാജിയുടെ രണ്ട് ദിവസത്തെ കൂർഗ് യാത്രക്ക് മാത്രമാണ് ഈ വാഹനം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നൽകിയത്. അത് ഓഗസ്റ്റ് 16 , 17 തീയതികളിലായിരുന്നു. പക്ഷേ അതിന്റെ മറവിൽ മൂന്നാഴ്ചയിലേറെ മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചു. Also Read: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പോണ്‍സേര്‍ഡ് യാത്ര അഴിമതിയെന്ന് പ്രതിപക്ഷം; പ്രതിഷേധം കടുപ്പിക്കും
രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ദുൾ ഗഫൂർ എന്നീ മൂന്ന് മന്ത്രിമാർക്ക് മാത്രമാണ് സ്വകാര്യ വാഹനം ഉപയോഗിക്കാന്‍ ഈ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. അത് അവരുടെ സ്വന്തം കാർ ആയതിനാലാണ്. ആ പട്ടികയിൽ കെ.എം. ഷാജിയില്ലെന്നാണ് മനോരമ ന്യൂസിന് ലഭിച്ച രേഖകളിലുള്ളത്.
കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്‍റെ കാറാണ് മന്ത്രി ഉപയോഗിച്ചുവന്നത്. വാര്‍ത്തയും വിവാദവും നിറഞ്ഞതോടെ മടക്കിക്കൊടുക്കുകയായിരുന്നു. താന്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന വാഹനമാണിതെന്നും തനിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ടെന്നും അവരില്‍ പലര്‍ക്കും മുന്തിയ വാഹനങ്ങളുണ്ടെന്നുമായിരുന്നു മന്ത്രി കെ.എം.ഷാജിയുടെ വാദം. നടപടിക്രമങ്ങള്‍ പാലിച്ച് വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും താന്‍ സഞ്ചരിക്കുന്ന ഏത് വാഹനവും നിയമപരമായി നിരത്തിലിറക്കാന്‍ അര്‍ഹതയുള്ളതാണെങ്കില്‍ അത് ഓടുക തന്നെ ചെയ്യുമെന്നും തടയാന്‍ തന്‍റെ വാഹനത്തില്‍ വ്യാജ വാഴക്കുല ഇല്ലെന്നും കെ.എം.ഷാജി ഫെയ്സ്ബുക്ക് കുറിപ്പില്‍ സ്വയം ന്യായീകരിച്ചിരുന്നു.